ബെംഗളൂരു: സഹോദരിമാരായ സ്കൂൾ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറത്ത് കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ദസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ മോഹൻ ഒളിവിലാണ്.സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംഭവസമയം മോഹൻ മാത്രമാണ് വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ അനിത മൂന്നുവർഷം മുമ്പാണ് മോഹനെ വിവാഹംചെയ്തത്.
ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാളാണ് മോഹൻ. ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പോലീസ് പറയുന്നു.അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോൾ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാൾ ഇത് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല.
അവർ കുട്ടികളല്ലേ എന്നും നിങ്ങൾക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കിൽ അവർക്ക് എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്നമെന്നും ഞാൻ അയാളോട് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളെ ആൺകുട്ടികളിൽനിന്ന് വേറിട്ട് നിർത്തണമെന്ന നിർബന്ധമായിരുന്നു അയാൾക്ക്’, അനിത പറഞ്ഞു.ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനിയായ അനിത വർഷങ്ങൾക്ക് മുമ്പാണ് ആദ്യഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്.
മരിച്ച പെൺകുട്ടികളുടെ പിതാവായ, ആദ്യഭർത്താവ് നിലവിൽ ദുബായിലാണുള്ളത്. അനിത കഴിഞ്ഞ മൂന്ന് വർഷമായി ബെംഗളൂരുവിലാണ് താമസം. ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് അനിത മോഹനെ പരിചയപ്പെടുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും.