ബെംഗളൂരു∙ നഗരത്തിലെ അപകടക്കുഴികൾ കണ്ടെത്തുന്ന ചുമതല പൊലീസിനെ ഏൽപ്പിച്ച് സർക്കാർ. റോഡ് നവീകരണത്തിൽ ബിബിഎംപി സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാലാണ് നടപടി. നഗര സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച ക്യാമറകളും ഹൊയ്സാല പട്രോളിങ് സംഘത്തിന്റെ വാഹനത്തിലെ ക്യാമറകളും പകർത്തുന്ന ദൃശ്യങ്ങൾ പൊലീസ് കമാൻഡ് സെന്ററിൽ പരിശോധിച്ച് കുഴികൾ സംബന്ധിച്ച റിപ്പോർട്ട് തയാറാകണം.
ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള നിർമിത ബുദ്ധി ക്യാമറയും ഇതിനായി ഉപയോഗിക്കും. ബസിനുള്ളിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ ബിഎംടിസിക്കും നിർദേശം നൽകി. ബിഎംടിസിയുടെ 5640 ബസുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു പ്രശ്നം വിലയിരുത്തും.
നവീകരിച്ച റോഡുകളും തകരുന്നു:വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ബിബിഎംപി നോഡൽ ഓഫിസർമാർ ഏകോപിപ്പിക്കും. ഇതുപയോഗിച്ച് കുഴികൾ അടയ്ക്കാനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാനും കർമപദ്ധതിക്കു രൂപം നൽകാനും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനെ സർക്കാർ ചുമതലപ്പെടുത്തി. ബെംഗളൂരു വികസനത്തിനു മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച, ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ നേതൃത്വത്തിലുള്ള സമിതിയും ഇവ പരിശോധിക്കും.
നഗരത്തിൽ രണ്ടായിരത്തോളം കുഴികൾ ഇനിയും അടയ്ക്കാനുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കിയിരുന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ കൂടുതൽ കുഴികൾ രൂപപ്പെടുന്നുണ്ട്. ചില റോഡുകൾ പൂർണമായി തകർന്നതായി തെളിവുകൾ സഹിതം നഗരവാസികൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചു. നവീകരിച്ച റോഡുകളിൽ ദിവസങ്ങൾക്കകം കുഴികൾ രൂപപ്പെട്ടതും തിരിച്ചടിയായി.
ലക്ഷ്യം നേടാത്ത ആപ്പുകൾ:റോഡിലെ കുഴികൾ കണ്ടെത്താൻ പുതിയ സോഫ്റ്റ്വെയറിനു രൂപം നൽകുമെന്ന് ബിബിഎംപി അറിയിച്ചു. ജനങ്ങൾക്ക് കുഴികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനാകുന്ന ഒന്നിലധികം ആപ്പുകൾ നേരത്തേ ബിബിഎംപി പുറത്തിറക്കിയിരുന്നു. എന്നാൽ ഇവയൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല. കുഴികൾ കണ്ടെത്തുന്നതിനൊപ്പം നവീകരണത്തിന്റെ ഗുണമേന്മയ്ക്കും പ്രാധാന്യം നൽകണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.