മദ്യപിച്ചു ലെക്കുകെട്ട് പൊതു ഇടങ്ങളില്‍ പരാക്രമങ്ങള്‍ കാണിക്കുന്നതു സാധാരണസംഭവമാണ്. ഇതില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല.ലഹരി തലയ്ക്കു പിടിച്ചാല്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. തെലങ്കാനയിലെ വിദ്യാനഗറില്‍ ഇന്നലെയുണ്ടായ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. അപുർവമായ സംഭവം എന്താണെന്നല്ലേ..? മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്ബിനെ എറിഞ്ഞതാണ് വലിയ വിവാദമായത്.
സ്റ്റോപ്പില്‍ കൈകാണിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്തുടർന്നാണ് യുവതി പരാക്രമങ്ങള്‍ കാഴ്ചവച്ചത്. ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചുതകർത്ത ശേഷം കണ്ടക്ടറുടെ ദേഹത്തേക്കു യുവതി പാമ്ബിനെ വലിച്ചെറിയുകയായിരുന്നു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിനുനേരെയാണ് യുവതി ആക്രമണം അഴിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്ബിനെ എടുത്ത് കണ്ടക്ടർക്കുനേരെ എറിഞ്ഞു.
കണ്ടക്ടർ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ പാമ്ബ് യാത്രക്കാർക്കിടയില്‍ പരിഭ്രാന്തി പരത്തുകയും ചിലർ ബസിനുള്ളില്‍നിന്നു പുറത്തേക്കിറങ്ങുകയും ചെയ്തു. കണ്ടക്ടറുടെ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് പാമ്ബിനെ പിടിക്കുന്നയാളാണെന്നും നാഗപഞ്ചമിയോടനുബന്ധിച്ച് അവർ പാമ്ബിനെ ബാഗില്‍ കൊണ്ടുപോകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.