ബെംഗളൂരു:മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ മണ്ണിടിഞ്ഞിട്ട് പത്തുദിവസം പിന്നിടുമ്പോഴും തീവണ്ടിസർവീസ് പുനഃസ്ഥാപിച്ചില്ല. പാളത്തിലെ പ്രവൃത്തികൾ തുടരുന്നതിനാൽ സർവീസ് റദ്ദാക്കൽ ദക്ഷിണ-പശ്ചിമ റെയിൽവേ രണ്ടുദിവസംകൂടി നീട്ടി. ഇതോടെ യാത്രാദുരിതവുമേറി. കണ്ണൂരിൽനിന്ന് മംഗളൂരുവഴി ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള (16511/16512) തീവണ്ടിയുൾപ്പെടെ മുടങ്ങിക്കിടക്കുകയാണ്. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേനയുള്ള രണ്ടുതീവണ്ടികളിൽ ഒന്നാണിത്. രണ്ടാമത്തെ തീവണ്ടി കോഴിക്കോട്-പാലക്കാട് വഴിയുള്ളതാണ്. യാത്രാത്തിരക്കുമൂലം ടിക്കറ്റുലഭിക്കാൻ വലിയപ്രയാസമാണ്.
അതിനാൽ കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുവരുന്ന യാത്രക്കാരിൽ ഭൂരിഭാഗത്തിനും ബസ് മാത്രമാണ് ആശ്രയം. ബസ് ടിക്കറ്റുകളും വേഗത്തിൽ തീർന്നുപോകുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തിങ്കളാഴ്ചവരെ റദ്ദാക്കിയതായാണ് നേരത്തേ അറിയിച്ചത്. ഇത് ബുധനാഴ്ചവരെയാക്കി. കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് ചൊവ്വാഴ്ചവരെ റദ്ദാക്കിയത് വ്യാഴാഴ്ചവരെ നീട്ടി.
ഇതുൾപ്പെടെ 12 തീവണ്ടികളാണ് പത്തുദിവസമായി ഓടാതെകിടക്കുന്നത്.ഹാസനിലെ സകലേശ്പുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ കണ്ണൂരിലേക്കും തിരിച്ചുമുൾപ്പെടെ ഈറൂട്ടിലുള്ള എല്ലാ സർവീസുകളും തടസ്സപ്പെട്ടു. കുത്തനെയുള്ള മലയുടെ നടുവിലൂടെപ്പോകുന്ന പാളമാണിത്. പാളത്തിന്റെ മുകൾഭാഗത്തും അടിഭാഗത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പാളം കടന്നുപോകുന്ന കുന്നിന്റെ അടിഭാഗത്ത് സുരക്ഷവർധിപ്പിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പാളത്തിലൂടെ 15 കിലോമീറ്റർ വേഗത്തിൽ കാലിയായ ചരക്കുതീവണ്ടി ഓടിച്ചു. ഇതിനുതുടർച്ചയായി ലോഡുനിറച്ച ചരക്കുതീവണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കാനുള്ള ശ്രമംനടത്തുന്നുണ്ട്. കുന്നിടിച്ചിൽ സാധ്യതയൊഴിവാക്കി സുരക്ഷയുറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.