ബംഗളൂരു: വരള്‍ച്ച ദുരിതാശ്വാസ ഫണ്ട് അനുവദിച്ചപ്പോള്‍ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചതില്‍ പ്രതിഷേധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തി.വിദാൻ സൗധ പരിസരത്തെ മഹാത്മാഗാന്ധി പ്രതിമക്ക് മുമ്ബിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റു മന്ത്രിമാർ, എം.എല്‍.എമാർ അടക്കമുള്ളവർ പങ്കെടുത്ത പ്രതിഷേധ ധർണ നടന്നത്. ശൂന്യതയുടെയും വഞ്ചനയുടെയും പ്രതീകമായി കാലിക്കുടുക്കയും പിടിച്ചാണ് ശിവകുമാർ അടക്കമുള്ള നേതാക്കള്‍ ധർണക്കെത്തിയത്. പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത കൊടുംവരള്‍ച്ചയെ നേരിടാൻ മതിയായ സഹായം നല്‍കാതെ കർണാടകയെ വഞ്ചിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആകെയുള്ള 236 താലൂക്കുകളില്‍ 226 എണ്ണവും വരള്‍ച്ചബാധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷം ഹെക്ടർ കൃഷിഭൂമിയില്‍ വിളനാശം ഉണ്ടായെന്നാണ് കണക്ക്. 2023 സെപ്റ്റംബറിലായിരുന്നു സംസ്ഥാന സർക്കാർ വരള്‍ച്ച ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് 18171കോടി രൂപ ആവശ്യപ്പെട്ടിരുന്നത്. അതില്‍തന്നെ കർണാടക സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷമാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ 3454 കോടി രൂപ അനുവദിച്ചത്. ദേശീയ ദുരന്തനിവാരണ നിധി (എൻ.ഡി.ആർ.എഫ്) പ്രകാരം വരള്‍ച്ച ദുരിതാശ്വാസത്തിനുള്ള ധനസഹായം അനുവദിക്കാത്ത സർക്കാറിന്റെ നടപടി ആർട്ടിക്കിള്‍ 14 പ്രകാരം കർണാടകയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ സർക്കാർ വാദിച്ചിരുന്നു.
കേന്ദ്രം ഇപ്പോള്‍ അനുവദിച്ച തുക സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്നുപോലും വരില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി കന്നടികരോട് പ്രതികാരം തീർക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുർജേവാലയും പറഞ്ഞു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയില്‍ വന്ന ദിവസമാണ് കർണാടക സർക്കാർ കേന്ദ്രത്തിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ബെലഗാവി, ഉത്തര കർണാടകയിലെ സിർസി, ദാവൻകരെ, ബെള്ളാരി, ബാഗല്‍കോട്ട് എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തിനിടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.