ബെംഗളൂരു:മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടഭ്യർഥിച്ചതിന് യുവമോർച്ച ദേശീയാധ്യക്ഷനും ബെംഗളൂരു സൗത്ത് ബി.ജെ.പി. സ്ഥാനാർഥിയുമായ തേജസ്വി സൂര്യയുടെ പേരിൽ കേസെടുത്തു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം ബെംഗളൂരു ജയനഗർ പോലീസാണ് കേസെടുത്തത്. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടഭ്യർഥിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പേരിലാണ് കേസെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
500 കൊല്ലക്കാലത്തെ കോടിക്കണക്കിന് ഭാരതീയരുടെ സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിച്ചിരിക്കുന്നത്. ഭാരതീയതയുടെ പുനരുജ്ജീവനത്തിനായി ബി.ജെ.പി.ക്ക് വോട്ടുചെയ്യണം’ -തേജസ്വി സൂര്യ എക്സിൽ കുറിച്ചിരുന്നു. കേസ് ഇതിന്റെ പേരിലാണെന്നാണ് സൂചന.
അയോധ്യ ശ്രീരാമക്ഷേത്രത്തിൽ രാമനവമി ദിവസം ശ്രീരാമവിഗ്രഹത്തിൽ സൂര്യതിലകം ചാർത്തിയതിന്റെ വീഡിയോ പങ്കുവെച്ച് തേജസ്വി സൂര്യ വ്യാഴാഴ്ച വോട്ടഭ്യർഥിച്ചിരുന്നു.സാമൂഹികമാധ്യമത്തിൽ മതപരമായ ശത്രുതയ്ക്ക് പ്രേരിപ്പിക്കുന്ന പോസ്റ്റിട്ടതിന് ബി.ജെ.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെപേരിലും പോലീസ് കേസെടുത്തു. ചിക്കമഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പരാതിയിൽ ചിക്കമഗളൂരു ടൗൺ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്