Home Featured പോരാട്ടം ഹിന്ദിയ്ക്ക് പുറത്തേക്കും; 5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി

പോരാട്ടം ഹിന്ദിയ്ക്ക് പുറത്തേക്കും; 5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി

ന്യൂഡൽഹി: ഇന്ത്യയിലെ കൂടുതൽ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ പ്രമുഖ ഹിന്ദി സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറായ ധ്രുവ് റാഠി. ഇതിന്റെ ഭാഗമായി മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ കൂടി അദ്ദേഹം യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ധ്രുവ് പുതുതായി ചാനലുകൾ ആരംഭിച്ചത്.അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ‘ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.

ബി.ജെ.പിയെ അതിശക്തമായി വിമർശിക്കുന്ന ഈ വീഡിയോ ഇതിനകം രണ്ടേമുക്കാൽ കോടിയിലേറെ പേരാണ് കണ്ടത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോയും വലിയതോതിൽ സ്വീകരിക്കപ്പെട്ടു.ഇത്തരത്തിൽ സൈബർലോകത്ത് കൂടുതൽ ജനകീയമായതോടെയാണ് അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചത്. ധ്രുവ് ഏകാധിപത്യത്തെക്കുറിച്ച് ചെയ്ത വീഡിയോ അതാത് ഭാഷകളിലേക്ക് മൊഴിമാറ്റിയ വീഡിയോ മാത്രമാണ് നിലവിൽ ഈ ചാനലുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ധ്രുവ് മലയാളത്തിൽ ഔദ്യോഗികമായി ചാനൽ ആരംഭിച്ചിട്ടില്ല. അതേസമയം ചില യൂട്യൂബ് ചാനലുകൾ സ്വതന്ത്രമായി ധ്രുവിന്റെ വീഡിയോകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കേരളത്തേക്കുറിച്ച് വ്യാജമായ വിവരങ്ങൾ വസ്തുതകളായി പ്രചരിപ്പിച്ച ദി കേരളാ സ്റ്റോറി എന്ന പ്രൊപ്പഗണ്ടാ സിനിമയിലെ കള്ളത്തരങ്ങൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന വീഡിയോയിലൂടെയാണ് മലയാളികൾക്ക് ധ്രുവ് റാഠിയെ കൂടുതൽ പരിചയം. ‘കേരളാ സ്റ്റോറിയ്ക്കുപിന്നിലെ യാഥാർഥ്യം’ എന്ന തലക്കെട്ടിൽ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ രണ്ടുകോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.ഹരിയാണ സ്വദേശിയായ ധ്രുവ് റാഠി ജർമ്മനിയിലാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

യാത്രാ വ്ളോഗുകളിലൂടെയാണ് ധ്രുവിന്റെ യൂട്യൂബ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ച് തന്റെ വീഡിയോകളുടെ ശൈലി ധ്രുവ് മാറ്റുകയായിരുന്നു. കാലികപ്രസക്തമായ പലവിഷയങ്ങളും ധ്രുവ് തന്റെ എക്സ്പ്ലൈനർ വീഡിയോകളിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചു. ഏത് സർക്കാരാണ് ഭരിക്കുന്നതെങ്കിലും ചോദ്യങ്ങൾ ചോദിക്കുമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group