ഓണ്‍ലൈൻ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍കവരുന്ന തട്ടിപ്പുസംഘത്തെ ബത്തേരി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടി.തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം, ഷീല ഭവൻ അനന്തു(29), പാലക്കാട് സ്വദേശി ആനക്കര, കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി, കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയില്‍നിന്ന് ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇവരില്‍നിന്ന് 20 മൊബൈല്‍ ഫോണുകളും എട്ട് സിംകാർഡുകളും ഒമ്ബത് എ.ടി.എം. കാർഡുകളും 8,40,000 രൂപയും പിടിച്ചെടുത്തു.വിശ്വാസവഞ്ചന നടത്തി പലതവണയായി 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വൻ തട്ടിപ്പുസംഘത്തിലേക്കെത്തിയത്.
2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയില്‍നിന്ന് ട്രേഡ് വെല്‍ എന്ന കമ്ബനിയില്‍ ട്രേഡിങ് ചെയ്യുകയാണെങ്കില്‍ സർവീസ് ബെനഫിറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവർന്നത്.മറ്റുപലരില്‍നിന്നും ഇതേരീതിയില്‍ സംഘം കബളിപ്പിച്ച് പണം കവർന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനധികൃതമായി സമ്ബാദിക്കുന്ന ഫോണ്‍നമ്ബറുകള്‍ ഉപയോഗിച്ച് വിവിധവ്യക്തികളെ ബന്ധപ്പെട്ട് പണം തട്ടിയശേഷം ആ നമ്ബരുകള്‍ ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു. ശേഷം ഫോണില്‍ മറ്റു സിംകാർഡുകളിട്ട് പുതിയ ആളുകളെ തേടും.ഇവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും കസ്റ്റമർ ഡേറ്റാബേസുകളും തരപ്പെടുത്തിക്കൊടുക്കുന്ന കർണാടകസ്വദേശിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
എത്രപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സീനിയർ സിവില്‍ പോലീസ് ഓഫീസർ സി.എം. ലബ്നാസ്, സിവില്‍ പോലീസ് ഓഫീസർമാരായ കെ.ബി. അജിത്ത്, ടി.ആർ. രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.