ഗൂഗിൾ എഞ്ചിനീയറായ യുവാവിനെ യാത്രയ്ക്കിടയിൽ ഊബർ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. ബംഗളുരുവിലാണ് സംഭവം. പോളണ്ടിൽ ഗൂഗിൾ എഞ്ചിനീയറായി ജോലി ചെയ്യുന്ന രാജ് വിക്രമാദിത്യ എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ബംഗളുരു സന്ദർശനത്തിനായി എത്തിയതായിരുന്നു രാജ് വിക്രമാദിത്യ, ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.ശനിയാഴ്ച, 1.5 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു റൈഡ് രാജ് വിക്രമാദിത്യ ബുക്ക് ചെയ്തിരുന്നു. യാത്ര തുടങ്ങിയതു മുതൽ ഡ്രൈവർ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വണ്ടി ഓടിച്ചത്. കോൾ സ്പീക്കറിൽ ഇട്ടുകൊണ്ടായിരുന്നു സംസാരം. ഏതാണ്ട് അര മണിക്കൂറോളം പിന്നിട്ടപ്പോൾ ഫോൺ വിളി അസഹ്യമായതായി രാജ് പറയുന്നു.
ഉച്ചത്തിലുള്ള സംസാരം കേട്ട് തനിക്കും സുഹൃത്തിനും തലവേദന തോന്നിയെന്നും അതേത്തുടർന്ന് ഡ്രൈവ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കരുതെന്ന് ഡ്രൈവറോട് പറഞ്ഞതായും രാജ് പറയുന്നു. എന്നാൽ ഒന്നരമണിക്കൂറുള്ള യാത്ര അതോടെ 30 മിനിറ്റിൽ അവസാനിച്ചതായും ഡ്രൈവർ തന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടതായും രാജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.വളരെ മാന്യമായാണ് തങ്ങൾ ഡ്രൈവറോട് സംസാരിച്ചത് എന്നും എന്നാൽ, നിങ്ങളോടൊപ്പം വരാൻ സൗകര്യമില്ല എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്ന് രാജ് പറയുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് അടക്കമുള്ള വിവരങ്ങളും രാജ് ട്വിറ്റർ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇത് പിന്നീട് വൻ ചർച്ചയാകുകയും ചെയ്തു.പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഊബർ ഇന്ത്യയും രംഗത്തെത്തി.
”യാത്രയുടെ തീയതിയും സമയവും നിങ്ങളുടെ രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് വിശദാംശങ്ങളോടൊപ്പം ഡയറക്ട് മെസേജ് വഴി ദയവായി പങ്കിടുക. ഞങ്ങളുടെ ടീം അത് പരിശോധിക്കും,” എന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ പ്രതിനിധി അറിയിച്ചു. അതേസമയം ഡ്രൈവറുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്.ഊബർ ഡ്രൈവർമാരുടെ ഭാഗത്തുനിന്നും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങൾക്ക് എതിരേ ഉപയോക്താക്കൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാവുന്നതാണ്. ഈ സംഭവത്തോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു വാർത്തകൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരന്റെ കൈയിൽ നിന്ന് അന്യായമായി അമിത തുക ഈടാക്കിയതിന് ഊബർ കമ്പനിക്ക് 20000 രൂപ പിഴ ചുമത്തപ്പെട്ടിരിക്കുന്നു.2021 ഓഗസ്റ്റ് 6-ന് 8.83 കിലോമീറ്റർ യാത്രയ്‌ക്ക് 1,334 രൂപ ഈടാക്കപ്പെട്ട യാത്രക്കാരനായ ചണ്ഡിഗഡ് സ്വദേശിയായ അശ്വനി പ്രഷാറിന് നിയമച്ചെലവുകൾക്കായി 10,000 രൂപയും അധികമായി 10,000 രൂപയും നൽകാൻ ആണ് വിധിച്ചിരിക്കുന്നത്.
ഇത്രയും കിലോമീറ്റർ യാത്രയ്ക്കായി ആദ്യം 359 രൂപയാണ് നിരക്കായി പ്രദർശിപ്പിച്ചിരുന്നത്.എന്നാൽ യാത്ര അവസാനിച്ചപ്പോൾ തുക 1,334 രൂപ ആയി. ഇതോടെയാണ് തർക്കം ആരംഭിച്ചത്. കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുന്നത്. യാത്രയ്ക്കിടയിലുള്ള ഒന്നിലധികം റൂട്ട് വ്യതിയാനങ്ങളാണ് നിരക്ക് ഉയരാൻ കാരണമെന്ന് ഊബർ ഇന്ത്യ നിരക്ക് വർദ്ധനയെ ന്യായീകരിച്ചു.എന്നിരുന്നാലും, മുൻകൂർ നിരക്കും യഥാർത്ഥ ചാർജും തമ്മിലുള്ള വ്യത്യാസം അന്യായമായമാണെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. തൽഫലമായി, പരാതിക്കാരന്റെ മാനസിക ബുദ്ധിമുട്ടിനും മറ്റ് ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള നൽകാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് കമ്മിഷൻ പരാതിക്കാരന് അനുകൂലമായി കമ്മിഷൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. സുതാര്യതയും ഉപഭോക്തൃ വിശ്വാസവും നിലനിർത്തേണ്ടത് ഊബർ പോലുള്ള സേവന ദാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.