Home Featured അശ്ലീല ഉള്ളടക്കം:18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം:18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്..അശ്ലീലദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പല പ്ലാറ്റ്ഫോമുകളും വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വിഡിയോ കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനൊപ്പം അനുചിതമായ സന്ദർഭങ്ങളില്‍ നഗ്നതയും ലൈംഗിക പ്രവർത്തികളും ഉള്‍പ്പെടുത്തിയതിനുമാണ് നടപടി. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി. നടപടിക്ക് വിധേയമായ ഒ.ടി.ടി ആപ്പുകളിലൊന്ന് ഒരു കോടിയിലധികം ഡൗണ്‍ലോഡുകള്‍ ഉള്ളതാണ്. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 50 ലക്ഷത്തിലധികം ഡൗണ്‍ലോഡ് ഉണ്ട്. പ്രേക്ഷകരെ അവരുടെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകർഷിക്കാൻ ലക്ഷ്യമിട്ട് പുറത്തുവിട്ട ട്രെയിലറുകള്‍, വിഡിയോ ക്ലിപ്പിങ്ങുകള്‍, ലിങ്കുകള്‍ എന്നിവ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും നടപടിയുണ്ട്.

ഫേസ്ബുക്കിലെ 12 അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. ഇൻസ്റ്റാഗ്രാമില്‍ 17, എക്സില്‍ 16, യൂട്യൂബില്‍ 12 എന്നിങ്ങനെയാണ് നടപടി നേരിട്ട അക്കൗണ്ടുകളുടെ എണ്ണം. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏഴും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലെ മൂന്നും ഉള്‍പ്പടെ 10 ആപ്പുകള്‍ക്കെതിരെയാണ് നടപടി. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡാ, ട്രൈ ഫ്ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിലാണ് അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group