ബെംഗളൂരു : തപാൽ വഴി ഋഷികേശിൽനിന്ന് ബെംഗളൂരുവിലേക്ക് ചരസ് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളിയുൾപ്പെടെ രണ്ടുപേർക്കെതിരേ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ( സി.സി.ബി.) കേസെടുത്തു. ഇതിൽ ഝാർഖണ്ഡ് സ്വദേശിയെ ഇതിനോടകം അറസ്റ്റുചെയ്തതായും ഋഷികേശിൽനിന്ന് ചരസ് തപാൽ വഴി അയച്ച മലയാളിയായ അദിത് സരോവട്ടം ഒളിവിലാണെന്നും സി.സി.ബി. അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയും ബെംഗളൂരു ഹുളിമാവിലെ താമസക്കാരനുമായ റിതിക് രാജ് ആണ് പിടിയിലായത്.തപാൽ വഴി കഞ്ചാവെത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ഏതാനും നാളുകളായി റിതിക് രാജ് സി.സി.ബി.യുടെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞദിവസം ഇയാളുടെ വിലാസത്തിലേക്ക് തപാൽ വഴി വന്ന 130 ഗ്രാം ചരസ് പോലീസ് കണ്ടെത്തി. 6.5 ലക്ഷം രൂപ വിലമതിക്കുന്നതാണിതെന്ന് സി.സി.ബി. അറിയിച്ചു. ഒറ്റനോട്ടത്തിൽ വർണക്കടലാസുകൊണ്ടുള്ള സമ്മാനപ്പൊതിയെന്നുതോന്നിക്കുന്ന പെട്ടിക്കുള്ളിൽ ചെറിയ കവറുകളിലാക്കിയ നിലയിലായിരുന്നു ചരസ്.ഇവർ നേരത്തേ നിരവധി തവണ സമാനമായ രീതിയിൽ ചരസ് കടത്തിയിരുന്നതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് സി.സി.ബി. അറിയിച്ചു.
ബെംഗളൂരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാട്രെയിൻ ഉടൻ ചൈനയിൽനിന്നെത്തും; ആറുമാസത്തിനുള്ളിൽ സർവീസ് തുടങ്ങും
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാട്രെയിൻ മൂന്നാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നെത്തും. കപ്പൽമാർഗം ചെന്നൈയിലെത്തുന്ന . കോച്ചുകൾ റോഡുമാർഗം ബെംഗളൂരുവിലെത്തും. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കോച്ചുകൾ വിതരണംചെയ്യാൻ കരാറെടുത്ത ചൈന റെയിവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി.) കഴിഞ്ഞദിവസം കോച്ചുകൾ പാക്കുചെയ്യുന്നതും കപ്പലിൽ കയറ്റുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.കോച്ചുകളെത്തുന്നതോടെ ഏറെക്കാലമായുള്ള ബെംഗളൂരുവിന്റെ കാത്തിരിപ്പാണ് പൂവണിയുന്നത്.
2019 ഡിസംബറിലാണ് കോച്ചുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി ബെംഗളൂരു മെട്രോ കരാറിലെത്തിയത്. രണ്ടുവർഷത്തിനുള്ളിൽ കോച്ചുകളെത്തിക്കുമെന്നായിരുന്നു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതികപ്രശ്നങ്ങളും കോവിഡും തടസ്സമായതോടെ കോച്ചുകൾക്കുള്ള കാത്തിരിപ്പ് നീണ്ടു.മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിർദിഷ്ട ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാതയിലാണ് ഡ്രൈവറില്ലാ മെട്രോസർവീസ്. 19.5 കിലോമീറ്ററുള്ള ഈ പാതയിലൂടെ പരീക്ഷണയോട്ടം പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ സർവീസ് തുടങ്ങാനാണ് പദ്ധതി.
ഡ്രൈവറില്ലാ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർക്കുള്ള ഭയം ഒഴിവാക്കാനായി ആദ്യഘട്ടത്തിൽ ലോക്കോ പൈലറ്റിനെയും നിയോഗിക്കും. ഏതാനും ദിവസങ്ങൾ സർവീസ് നടത്തിയശേഷം ലോക്കോ പൈലറ്റിനെ പിൻവലിക്കും.നിലവിൽ ഡൽഹി മെട്രോയിലാണ് ഡ്രൈവർരഹിത ട്രെയിനുകൾ സർവീസ് നടത്തുന്നത്. കൊൽക്കത്തയിൽ ഇതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സാധാരണ മെട്രോ സിഗ്നലിങ് സംവിധാനത്തിനുപകരമായി കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ ( സി.ബി.ടി.സി.) സിഗ്നലിങ് സംവിധാനമുള്ള ട്രാക്കുകളിലാണ് ഇത്തരം ട്രെയിനുകൾ ഓടിക്കാൻ കഴിയുക.ബെംഗളൂരു മെട്രോയുടെ യെല്ലോലൈൻ ഈ സംവിധാനത്തോടെയാണ് നിർമിച്ചിരിക്കുന്നത്. ട്രെയിനുകളിൽ ഡ്രൈവർ കാബിനിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കൺട്രോൾപാനലുണ്ടാകും.