ബെംഗളൂരു: രണ്ടുദിവസത്തേക്ക് അടച്ചിട്ട പീനിയ മേൽപ്പാലം വെള്ളിയാഴ്ച ചെറുവാഹനങ്ങൾക്ക് മാത്രമായി തുറന്നുകൊടുത്തു. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) പാലത്തിലെ ലോഡ് ടെസ്റ്റിങ്ങിനു (ഭാരം താങ്ങാനുള്ളശേഷി പരിശോധന) വേണ്ടിയാണ് അടച്ചിട്ടത്.മേൽപ്പാലം ബലപ്പെടുത്തുന്നതിനുവേണ്ടി കൂട്ടിച്ചേർത്ത 240 കേബിളുകളിൽ ലോഡ് ടെസ്റ്റ് നടത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് പരിശോധന പൂർത്തിയായത്.ഇതേത്തുടർന്ന് 11 മണിയോടെ മേൽപ്പാലത്തിലെ ഗതാഗതം നിരോധിച്ച് പീനിയയിലും നാഗസാന്ദ്രയിലും സ്ഥാപിച്ച ബാരിക്കേഡുകൾ ട്രാഫിക് പോലീസ് എടുത്തു മാറ്റി.ഇരുചക്ര വാഹനങ്ങൾ, കാർ, ചെറു ചരക്കു വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ മേൽപ്പാലത്തിലൂടെ പോകാൻ അനുമതിയുള്ളത്.
വലിയ വാഹനങ്ങൾ മേൽപ്പാലത്തിനടിയിലെ സർവീസ് റോഡുകളിലൂടെ പോകണം.വലിയ വാഹനങ്ങൾക്ക് എന്നു മുതലാണ് മേൽപ്പാലത്തിലൂടെ പോകാൻ സാധിക്കുന്നതെന്ന കാര്യം ദേശീയ പാതാ അധികൃതർ അറിയിച്ചിട്ടില്ലെന്ന് നോർത്ത് ട്രാഫിക് ഡി.സി.പി. ഡി.ആർ. സിരി ഗൗരി പറഞ്ഞു.മേൽപ്പാലം ചെറുവാഹനങ്ങൾക്കായി തുറന്നുകൊടുത്തതോടെ കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരമായി.ചൊവ്വാഴ്ച രാത്രി 11 മുതലാണ് 4.2 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം താത്കാലികമായി അടച്ചിട്ടത്.
മേൽപ്പാലം അടച്ച കാര്യം യാത്രക്കാർക്ക് അറിയാത്തതിനാൽ ബുധനാഴ്ച ഇവിടെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. നെലമംഗല, ദാസറഹള്ളി, ജാലഹള്ളി ക്രോസ് എന്നിവിടങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗത തടസ്സമുണ്ടായത്.സമീപത്തെ മറ്റുറോഡുകളിലൂടെ കടന്നുപോകാൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഇക്കാര്യം പലർക്കും അറിയില്ലായിരുന്നു.വരും ദിവസങ്ങളിലും ദേശീയപാതാ അധികൃതർ ലോഡ് ടെസ്റ്റിങ് നടത്തുമെന്നും അതിനുശേഷം എല്ലാ വാഹനങ്ങൾക്കുമായി മേൽപ്പാലം തുറന്നുകൊടുക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.2021 ഡിസംബറിലും സുരക്ഷാ പരിശോധനകൾക്കായി മേൽപ്പാലം അടച്ചിട്ടിരുന്നു.
2018ലെ പെരുമഴ അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിച്ചെന്ന് പഠനം
2018ലെ പ്രളയത്തിന് കാരണമായ മഴ അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വർധിപ്പിച്ചതായി പഠന റിപ്പോർട്ട്.കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ തയാറാക്കിയത്. കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങള്‍ ഉയർന്ന തോതില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.2018ലെ കനത്ത മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത 3.46 ശതമാനം വർധിപ്പിച്ചതായാണ് കണ്ടെത്തല്‍. കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍റ് അക്വാട്ടിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് ഗവേഷണത്തിന് നേതൃത്വം നല്‍കി.
ഗവേഷണ വിദ്യാർഥി എ.എല്‍. അച്ചുവും പങ്കെടുത്തു. ഉയർന്ന തോതില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ കൂടുതലും ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്. കനത്ത മഴക്കൊപ്പം അശാസ്ത്രീയ ഭൂവിനിയോഗം, റോഡ് നിർമാണത്തിന് കുത്തനെ മല ഇടിക്കുന്നത്, വൻതോതില്‍ മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലെ വ്യതിയാനം എന്നിവയാണ് ഈ ജില്ലകളില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിന് കാരണം.
ഹൈറേഞ്ച് മേഖലയില്‍ 600 മീറ്ററിന് മുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ 31 ശതമാനവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇതില്‍തന്നെ 10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിഞ്ഞ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തോത് കൂടുതലാണ്. അശാസ്ത്രീയ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഉരുള്‍പൊട്ടല്‍ ഒഴിവാക്കാൻ പോംവഴിയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു.