ലോകത്തെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ ബെംഗളൂരു ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. ലോകത്തെ മൂന്നാമത്തെ പ്രധാന ആഭ്യന്തര വ്യോമയാന വിപണിയായി രാജ്യം മാറിയെന്നും ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. ആഗോള വ്യോമയാന വിപണിക്ക് പുതിയ ഊർജം നൽകാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പൈലറ്റുമാരിൽ 15 ശതമാനം സ്ത്രീകളാണെന്നും ഇത് ആഗോള ശരാശരിയുടെ 3 മടങ്ങാണെന്നും അദ്ദേഹം വ്യോമയാന മേഖലയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു.
1600 കോടി രൂപ ചെലവിൽ നിർമ്മിച്ച ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി കേന്ദ്രം (ബിഐഇടിസി) 43 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്. ബെംഗളൂരു നഗരത്തിന് പുറത്ത് ദേവനഹള്ളിയിലെ ഹെടെക് ഡിഫൻസ് ആൻഡ് എയറോസ്‌പേസ് പാർക്കിലാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ആഗോള വ്യോമയാന-പ്രതിരോധ വ്യവസായത്തിൽ അടുത്ത തലമുറ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനായി ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുമായും സ്വകാര്യമേഖലയുമായും സർക്കാരുമായും സഹകരിച്ചാണ് ബോയിങ് പ്രവർത്തിക്കുക.
ബെംഗളൂരുവിന് പുറമെ ചെന്നൈയിലും ബോയിങ്ങിന് എഞ്ചിനീയറിങ് സെന്റർ ഉണ്ട്. രണ്ട് കേന്ദ്രങ്ങളിലുമായി ആറായിരത്തോളം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എഞ്ചിനീയർമാരാണ് ജോലി ചെയ്യുന്നത്. ലോകമാകെ 57,000 എഞ്ചിനീയർമാരാണ് ബോയിങ്ങിനായി ജോലി ചെയ്യുന്നത്. ഇവരിൽ 13.9 ശതമാനവും യു.എസ്സിന് പുറത്തുള്ളവരാണ്.
https://x.com/ANI/status/1748272980462035283?s=20