ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജചിത്രം നിർമിച്ച് പോസ്റ്റ്ചെയ്യുകയും അപകീർത്തികരമായ കുറിപ്പ് പങ്കുവെക്കുകയുംചെയ്ത സംഭവത്തിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെപേരിൽ പോലീസ് കേസെടുത്തു. കെ.പി.സി.സി. നിയമവിഭാഗം സെക്രട്ടറി സഞ്ജയ് യാദവിന്റെ പരാതിയെത്തുടർന്നാണ് നടപടി. ട്രോൾ കന്നഡിഗ വൺ, കൃതിക കൃതി എന്നീ രണ്ട് അക്കൗണ്ടുകൾക്കെതിരേയാണ് കേസെടുത്തതെന്ന് ഹൈഗ്രൗണ്ട്സ് പോലീസ് അറിയിച്ചു.
രണ്ടുവിഭാഗങ്ങൾതമ്മിൽ വിദ്വേഷം വളർത്തൽ, വ്യാജസന്ദേശം പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയത്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്.രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇൻസ്റ്റഗ്രാമിലെ പ്രചാരണം. പ്രതിപക്ഷ യുവജനസംഘടനാപ്രവർത്തകർകൂടി ഇത് ഏറ്റെടുത്തുതുടങ്ങിയതോടെയാണ് കെ.പി.സി.സി. നിയമവിഭാഗം പോലീസിനെ സമീപിച്ചത്.