ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കര്‍ണാടകത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കര്‍ണാടകത്തിലെ കൊപ്പാലില്‍ നിന്ന് പ്രിയങ്കയെ പരിഗണിക്കുന്നതെന്നാണ് സൂചന.സാഹചര്യം അറിയാനായി മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ എ ഐ സി സി നേതൃത്വം പ്രത്യേക സര്‍വ്വേ പൂര്‍ത്തിയാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബി ജെ പിയില്‍ നിന്നുള്ള കാരാടി സംഗണ്ണയാണ് കൊപ്പാലില്‍ നിന്നുള്ള നിലവിലെ എം പി. ഭരണവിരുദ്ധ വികാരം ശക്തമായ മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം മണ്ഡലത്തില്‍ പ്രിയങ്കയെ പരിഗണിക്കുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
എന്നാല്‍ പ്രിയങ്ക മത്സരിക്കാൻ എത്തിയാല്‍ അവരുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുന്നത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം നല്‍കുമെന്നും നേതാക്കള്‍ പറയുന്നു.കൊപ്പാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. മാത്രമല്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടില്‍ ആറ് മണ്ഡലങ്ങളിലും വിജയിക്കാൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് മണ്ഡലം സുരക്ഷിതമാണെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍പ് 1991 ല്‍ ബെല്ലാരിയില്‍ നിന്ന് സോണിയ ഗാന്ധി മത്സരിച്ചിരുന്നു. അന്ന് സുഷമ എം സ്വരാജിനെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ മികച്ച വിജയം നേടാൻ സോണിയയ്ക്ക് സാധിച്ചു. 1978 ല്‍ ചിക്കമംഗളൂരുവില്‍ നിന്ന് മുൻ പ്രധാമന്ത്രി ഇന്ദിര ഗാന്ധിയും മത്സരിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ തിരിച്ചുവരവിന് കളമൊരുക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്കും കര്‍ണാടക മികച്ച തുടക്കമാകുമെന്ന് നേതാക്കള്‍ പറയുന്നു. അതിനിടെ തെലങ്കാനയില്‍ നിന്നും പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകളോടൊന്നും ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറക്കുകയാണെങ്കില്‍ തന്നെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായിരിക്കും കോണ്‍ഗ്രസ് അവര്‍ക്കായി പരിഗണിച്ചേക്കുക.
സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നും സോണിയയെ പരിഗണിക്കാനായിരിക്കും സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സോണിയ വീണ്ടും റായ്ബറേലിയയില്‍ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍