ബെംഗളൂരു : ശിവമോഗയിൽ 19-കാരിക്ക് ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. ഹൊസനഗര താലൂക്കിലെ സംപെകട്ടെയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതേത്തുടർന്ന് യുവതിയെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാജേഷ് സുരഗിഹള്ളി പറഞ്ഞു.ജനുവരി ഒന്നിന് വൈറൽ ഇൻഫെക്ഷനെത്തുടർന്നാണ് യുവതിയെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു.
ആദ്യപരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും മൂന്നുദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു.ആരോഗ്യനില കൂടുതൽ മോശമായതുകൊണ്ടാണ് മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
സൈബര്‍ തട്ടിപ്പില്‍ നഷ്ടമായ 2.71 ലക്ഷം രൂപ മണിക്കൂറിനകം തിരിച്ചുപിടിച്ചു
വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ട സംഭവത്തില്‍ മണിക്കൂറിനകം പണം തിരിച്ചുപിടിച്ച് കേരള പൊലീസ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെ.വൈ.സി അപ്ഡേഷൻ നല്‍കാനെന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നാണ് 2.71 ലക്ഷം രൂപ നഷ്ടമായത്. അക്കൗണ്ട് ഉടമ ഉടൻ സൈബര്‍ ഹെല്‍പ് ലൈൻ നമ്ബറില്‍ (1930) വിളിച്ച് പരാതി നല്‍കിയതിനാല്‍ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരികെ പിടിക്കാൻ പൊലീസിനായി. ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബര്‍ ഹെല്‍പ് ലൈൻ നമ്ബറില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപറേഷൻ വിഭാഗം 11.09ന് പണം തിരിച്ചുപിടിച്ചു.
തട്ടിപ്പുകാരെ കണ്ടെത്താൻ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.നിരന്തരമായ ബോധവത്കരണത്തിനുശേഷവും ഓണ്‍ലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. തട്ടിപ്പിനിരയായാല്‍ രണ്ട് മണിക്കൂറിനകം 1930ല്‍ വിവരം അറിയിക്കണം. www.cybercrimegovinല്‍ പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും പൊലീസ് അറിയിച്ചു.