ബംഗളൂരു: തൊഴിലാളികളെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നത് മനുഷ്യത്വത്തിനുതന്നെ അപമാനമാണെന്ന് കര്‍ണാടക ഹൈകോടതി.തൊഴിലാളികളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കോരിക്കുന്ന പ്രവൃത്തി തുടരുന്നത് സംബന്ധിച്ച മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് ഹൈകോടതിയുടെ നിരീക്ഷണം. തോട്ടിപ്പണിക്ക് ഇന്ത്യയില്‍ നിയമംമൂലം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിലെ താഴ്ന്ന ജാതിക്കാരെക്കൊണ്ട് ഇത്തരം പണിയെടുക്കുന്നത് കര്‍ണാടകയില്‍ തുടരുന്ന സാഹചര്യത്തിലാണ് മാധ്യമ റിപ്പോര്‍ട്ട്. വിഷയത്തില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച കേസില്‍ ഹൈകോടതിയെ സഹായിക്കാൻ അഡ്വക്കറ്റ് ശ്രീധര്‍ പ്രഭുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ച ബെഞ്ച്, അഭിഭാഷകനോട് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാൻ നിര്‍ദേശിച്ചു. ഈ ഹരജി ജനുവരി എട്ടിന് കോടതി പരിഗണിക്കും.
‘മണ്ണിനുപോലും വിലയുണ്ട്; എന്നാല്‍, മനുഷ്യന് ലവലേശം വിലയില്ല’ എന്ന കവി സാഹിര്‍ ലുധിയാൻവിയുടെ പ്രശസ്തമായ വരികള്‍ പരാമര്‍ശിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടപെടല്‍. നമ്മള്‍ ചന്ദ്രനിലേക്ക് പറന്നിട്ടും നമ്മുടെ സഹോദരങ്ങളെ മനുഷ്യരായി കാണാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.മനുഷ്യനെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നതായ വാര്‍ത്ത മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കോലാറിലെ മാലൂരില്‍ സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്കൂളില്‍ പട്ടികജാതി വിദ്യാര്‍ഥികളെ കൊണ്ട് കക്കൂസ് മാലിന്യം കോരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമ വാര്‍ത്ത. താഴ്ന്ന ജാതിയില്‍പെട്ടവരായതുകൊണ്ട് അവരോട് ഈ തൊഴില്‍ ചെയ്യാൻ നിര്‍ബന്ധിക്കുന്ന സാമൂഹിക ചുറ്റുപാട് ഏറെ അസ്വസ്ഥപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
ഈ സമൂഹത്തില്‍ തങ്ങളുടെ സഹോദരനായ ഒരാള്‍, അയാള്‍ പിറന്നുവീണ ജാതിയുടെ മുദ്ര അയാള്‍ക്കുമേല്‍ പതിച്ചിരിക്കുന്നതിനാല്‍, തോട്ടിപ്പണി ചെയ്യാൻ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇത് മനുഷ്യത്വത്തിന് അപമാനമല്ലേ? ദാരിദ്ര്യംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ ഒരു മൃഗത്തിന്റെപോലും വിലയില്ലാതെ ജീവിക്കേണ്ടി വരുന്നു. ഇതിനാണോ നാമെല്ലാം ഇവിടെയെത്തിപ്പെട്ടിരിക്കുന്നത്? എല്ലാവരും തുല്യരായിരിക്കുന്നതാണ് സ്വാതന്ത്ര്യസമര സേനാനികളും സാമൂഹിക പരിഷ്‍കര്‍ത്താക്കളും സ്വപ്നം കണ്ടത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷവും കര്‍ണാടകയില്‍പോലും എന്താണ് സംഭവിക്കുന്നത്?
എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങളെക്കൊണ്ട് ഇത്തരം ജോലി ചെയ്യിപ്പിക്കുന്നത്? മാൻഹോളുകള്‍ (ആള്‍നൂഴികള്‍) വൃത്തിയാക്കാൻ സാങ്കേതിക ഉപകരണങ്ങളുള്ളപ്പോഴും നമ്മുടെ മനസ്സ് മാറാത്തതെന്താണ്? -കോടതി ചോദിച്ചു. പ്രസ്തുത വിഷയം പരിശോധിക്കാൻ കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തോട്ടിപ്പണി കൂടുതലും ബംഗളൂരു നഗരത്തില്‍ ബംഗളൂരു: മനുഷ്യരെക്കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്ന സംഭവങ്ങള്‍ കര്‍ണാടകയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബംഗളൂരു നഗരത്തില്‍. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍ 40 എണ്ണവും ബംഗളൂരു അര്‍ബൻ ജില്ലയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒമ്ബത് കേസുകള്‍ ഗദകിലും ആറു കേസുകള്‍ കോലാറിലും രണ്ടു കേസുകള്‍ ബംഗളൂരു റൂറലിലും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആകെ 10 കേസുകളിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.