ബെംഗളൂരു : പൊതുഗതാഗതരംഗത്ത് കർണാടകത്തിൽ കുതിച്ചുചാട്ടത്തിന്റെ വർഷമായിരുന്നു 2023. ബെംഗളൂരു- മൈസൂരു പാത, വന്ദേഭാരത് തീവണ്ടികൾ, ശിവമോഗയിലെ വിമാനത്താവളം, ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ, ബെംഗളൂരുവിലെ പുതിയ മെട്രോ പാതകൾ, കർണാടക ആർ.ടി.സി.യുടെയും ബി.എം.ടി.സി.യുടെയും വൈദ്യുതബസുകൾ തുടങ്ങി 2023-ന്റെ കണക്കെടുമ്പോൾ ഗതാഗതരംഗത്ത് നേട്ടങ്ങൾ ഏറെ.
ബെംഗളൂരു- മൈസൂരു പാത:മൂന്നുമുതൽ മൂന്നരമണിക്കൂർ വരെ വേണ്ടിവന്നിരുന്ന ബെംഗളൂരു- മൈസൂരു യാത്രാസമയം ഒന്നരമുതൽ രണ്ടുമണിക്കൂർ വരെയായി എന്നതാണ് ബെംഗളൂരു – മൈസൂരു പത്തുവരി പാതയുടെ മുഖ്യനേട്ടം. മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത പാതയ്ക്ക് 8480 കോടിയാണ് നിർമാണച്ചെലവ്. ആദ്യഘട്ടത്തിൽ അതിവേഗപാതയെന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും അപകടങ്ങൾ പതിവായതോടെ അതിവേഗപാതയല്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. പരമാവധി വേഗപരിധി 100 കിലോമീറ്ററായി ചുരുക്കുകയുംചെയ്തു. എങ്കിലും ബെംഗളൂരുവിൽനിന്ന് മലബാർ ജില്ലകളിലേക്ക് പോകുന്ന മലയാളികൾക്ക്പാത വലിയ നേട്ടമായി.
വന്ദേഭാരത് എക്സ്പ്രസുകൾ അഞ്ച്:ശനിയാഴ്ച കോയമ്പത്തൂരിൽനിന്ന് ബെംഗളൂരുവിലേക്കും മംഗളൂരുവിൽ നിന്ന് മഡ്ഗാവിലേക്കും ഒരോ വന്ദേഭാരത് തീവണ്ടി കൂടി ഉദ്ഘാടനം ചെയ്തതോടെ കർണാടകത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികളുടെ എണ്ണം അഞ്ചായി. ചെന്നൈ-മൈസൂരു- ബെംഗളൂരു, ബെംഗളൂരു -ബെലഗാവി, ബെംഗളൂരു- ഹൈദരാബാദ് എന്നിവയാണ് വന്ദേഭാരത് സർവീസുകൾ നടത്തുന്ന മറ്റ് റൂട്ടുകൾ. തമിഴ്നാടിനെയും കർണാടകത്തെയും ബന്ധിപ്പിച്ചുമാത്രം രണ്ടു സർവീസുകളാണുള്ളത്. എന്നാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് തീവണ്ടിവേണമെന്ന ആവശ്യം യാഥാർഥ്യമായിട്ടില്ല.
ഹിറ്റായി രണ്ടാം ടെർമിനൽ:കഴിഞ്ഞവർഷം നവംബറിലാണ് ഉദ്ഘാടനം നടന്നതെങ്കിലും ഈ വർഷം ജനുവരിമുതലാണ് ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പ്രവർത്തനം തുടങ്ങിയത്. അന്താരാഷ്ട്രതലത്തിൽ തന്നെ മുള അധിഷ്ഠിത രൂപകൽപ്പനകൊണ്ട് ശ്രദ്ധിക്കപ്പെട്ട ടെർമിനലിന് യുനെസ്കോയുടെ പ്രിക്സ് വേഴ്സെ ാലെസ് പുരസ്കാരം ലഭിച്ചത് ഏതാനും ദിവസംമുമ്പാണ്. അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഈ ടെർമിനൽ പ്രവർത്തിച്ചുതുടങ്ങിയതോടെയാണ് വിമാനത്താവളത്തിലെ സ്ഥലപരിമിതിയെന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞത്.
ശിവമോഗയിൽ വിമാനത്താവളം:വിനോദസഞ്ചാരമേഖലയ്ക്കുകൂടി നേട്ടമാകുന്ന ശിവമോഗയിലെ കുവെമ്പു വിമാനത്താവളം പ്രവർത്തനം തുടങ്ങിയത് ഫെബ്രുവരി 27-നാണ്. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിലാണ് വിമാനത്താവളത്തിൽനിന്നുള്ള ആദ്യവിമാനം ബെംഗളൂരുവിലേക്ക് പറന്നത്. അടുത്തവർഷം ഇവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തുള്ള ചെറു വിമാനത്താവളങ്ങളിലേക്കുകൂടി സർവീസ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വൈദ്യുതബസുമായി കർണാടക ആർ.ടി.സി.:കർണാടക ആർ.ടി.സി. ദീർഘദൂര സർവീസുകൾക്ക് വൈദ്യുതബസുകൾ ഉപയോഗിച്ചുതുടങ്ങിയതും ഈ വർഷമാണ്. മാർച്ചിൽ ബെംഗളൂരുവിൽനിന്ന് മൈസൂരു, വിരാജ്പേട്ട്, മടിക്കേരി, ചിക്കമഗളൂരു, ദാവണഗെരെ, ശിവമോഗ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്. ആദ്യഘട്ടത്തിൽ ഇത്തരം 25 ബസുകളാണ് നിരത്തിലിറക്കിയത്.സർവീസുകൾ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ ഡീസൽബസുകളെക്കാൾ ഏറെ ലാഭകരമാണ് വൈദ്യുതബസുകളെന്നാണ് കർണാടക ആർ.ടി.സി.യുടെ വിലയിരുത്തൽ. ബെംഗളൂരുവിൽ ബി.എം.ടി.സി.യും കൂടുതൽ വൈദ്യുതബസുകൾ ഈ വർഷം നിരത്തിലിറക്കി. ഒരാഴ്ചമുമ്പാണ് ടാറ്റയിൽനിന്ന് 100 ബസുകൾ ബി.എം.ടി.സി. വാടകയടിസ്ഥാനത്തിൽ എത്തിച്ചത്.
ഉത്തരേന്ത്യയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ്: വ്യോമ-റെയില്‍ ഗതാഗതം താറുമാറായി, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതോടെ ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.ഏതാനും ദിവസങ്ങളായി വ്യോമ-റെയില്‍ ഗതാഗതത്തെ മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വരും ദിവസങ്ങളില്‍ മൂടല്മഞ്ഞിന് നേരിയ ശമനം ഉണ്ടാകുമെങ്കിലും, ശൈത്യം കടുക്കുന്നതാണ്.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.
ഏകദേശം 80 ഓളം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ വായുവിന്റെ ഗുണനിലവാരവും മോശം അവസ്ഥയിലാണ്. ഇതോടെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്