Home Featured New Year 2024: ബാംഗ്ലൂര്‍ വാരാന്ത്യം ആഘോഷിക്കാൻ 5 ഇടങ്ങള്‍,കൂടുതൽ വായിക്കാം

New Year 2024: ബാംഗ്ലൂര്‍ വാരാന്ത്യം ആഘോഷിക്കാൻ 5 ഇടങ്ങള്‍,കൂടുതൽ വായിക്കാം

ബംഗ്ലൂര്‍ പുതുവര്‍ഷത്തിന്‍റെ ആഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു നക്ഷത്രങ്ങള്‍ ന്യൂ ഇയര്‍ 2024 ആശംസകള്‍ക്കും അലങ്കാരങ്ങള്‍ക്കും വഴിമാറി, ഇനി പുതിയ വര്‍ഷമാകുവാനുള്ള കാത്തിരിപ്പിലാണ്.ബെംഗളുരുവിലെ പുതുവര്‍ഷാഘോഷം പാര്‍ട്ടികളും പബ്ബുകളും മാത്രമായി പലപ്പോഴും ചുരുങ്ങാറുണ്ട്. ഇത്തവണ വ്യത്യസ്തമായി 2024 നെ യാത്രകളിലൂടെ സ്വീകരിച്ചാലോ.ബാംഗ്ലൂരില്‍ നിന്നും പുതുവര്‍ഷ യാത്രകള്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ നിരവധിയുണ്ട്. കാടും മലയും കയറേണ്ടവര്‍ക്ക് ട്രെക്കിങ് സ്പോട്ടുകളും പുതുവര്‍ഷപ്പുലരിയെ സ്വാഗതം ചെയ്യാന്‍ നന്ജി ഹില്‍സും വൈല്‍ഡ് ലൈഫ് യാത്രകള്‍ക്ക് കബനിയും പോലെ എണ്ണിയാല്‍ തീരാത്തത്ര ഇടങ്ങള്‍. ഇതാ പുതുവര്‍ഷ വാരാന്ത്യത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള യാത്രകള്‍ക് പറ്റിയ അഞ്ചിടങ്ങള്‍ പരിചയപ്പെടാം.

1.ഗുഡിബണ്ടെ: ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ചെറിയ യാത്രയ്ക്ക് ലക്ഷ്യസ്ഥാനം നോക്കുന്നവര്‍ക്ക് പരിഗണിക്കുവാൻ പറ്റിയ സ്ഥലമാണ് ഗുഡിബണ്ടെ. വാരാന്ത്യ ലക്ഷ്യസ്ഥാനം എന്നതിനേക്കാള്‍ ഒരു ഏകദിന യാത്രയാണ് ഇവിടേക്ക് നല്ലത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഒരു കോട്ടയാണ് ഇവിടുത്തെ ആകര്‍ഷണം. പ്രദേശിക ഭരണാധികാരിയായിരുന്ന ബൈരെ ഗൗഡയാണ് ഇത് നിര്‍മ്മിച്ചത്.

.മധുഗിരി കോട്ടയുടെ അതേ രൂപത്തിലാണ് ഗുഡിബണ്ടെ കോട്ടയുമുള്ളത്. ഗുഡിബണ്ടയിലെ ട്രെക്കിങ് താരമ്യേന എളുപ്പമുള്ള ഒന്നാണ്. ഒരു മണിക്കൂറിനുള്ളില‍ മുകളില്‍ എത്തി തിരികെ ഇറങ്ങാന്‍ കഴിയും. മുകളില്‍ കയറി താഴെയിറങ്ങാൻ രണ്ട് കിലോമീറ്റര്‍ ദൂരമാണ് പോകേണ്ടത്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പോവുകയും ചെയ്യാം. ബാംഗ്ലൂരില്‍ നിന്നും 91 കിലോമീറ്ററാണ് ഗുഡിബണ്ടെയിലേക്കുള്ള ദൂരം.

2. ഗലിബോരെ:പ്രകൃതിയും യാത്രകളുമാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ ന്യൂ ഇയര്‍ യാത്രകള്‍ക്കായി ഗലെബോരെയിലേക്ക് ബാഗ് പാക്ക് ചെയ്യാം. ബാംഗ്ലൂരില്‍ നിന്നും 102 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗലിബോരെ. കാവേരി നദിയുടെ തീരത്തുള്ള ഗലിബോരെ നേച്ചര്‍ ക്യാംപിങ്ങിനും കാട്ടിലെ താമസത്തിനും പ്രസിദ്ധമാണ്. മലനിരകളും കാടും വന്യതയും ചൂഴ്ന്നു നില്‍ക്കുന്ന ഇടത്തിനു നടുവിലാണ് ഗലിബോരെയുള്ളത്.മനുഷ്യരുടെ ബഹളങ്ങളില്ലാതെ, പ്രകൃതിയോട് ചേര്‍ന്നുള്ള സമയമാണ് ഇവിടം നിങ്ങള്‍ക്കു തരുന്നത്. കുട്ടികളെയും കൂട്ടി ശാന്തമായ ഒരിടത്തേയ്ക്ക പോകാൻ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് വരാം. കൂടാതെ, പക്ഷി നിരീക്ഷണം, ട്രക്കിങ്, റാഫ്ടിങ്, നേച്ചര്‍ വാക്ക്, സൈക്ലിങ് തുടങ്ങിയവയ്ക്കും ഇവിടെ അവസരങ്ങളുണ്ട്.

3. കുന്തി ബേട്ടാ:സാഹസിക യാത്രയാണ് പുതുവര്‍ഷത്തിലെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് കുന്തി ബേട്ട തിരഞ്ഞടുക്കാം. ബാംഗ്ലൂരില്‍ നിന്നും 130 കിമി അകലെയാണ് കുന്തി ബേട്ടാ സ്ഥിതി ചെയ്യുന്നത്. സൂര്യോദയം കാണാനുള്ള യാത്രയാണ് ഇവിടെ നിങ്ങളെ ആകര്‍ഷിക്കുന്നത്. പാണ്ഡവപുര എന്ന പേരില്‍ ഹിന്ദു പുരാണങ്ങളില്‍ കുന്തി ബേട്ടയെ വിശേഷിപ്പിക്കുന്നു. പുലര്‍കാല യാത്രകള്‍ക്കാണ് ഇവിടം കൂടുതല്‍ അനുയോജ്യം.

4.ബൈലക്കുപ്പെ:നീണ്ട വാരാന്ത്യ യാത്രകള്‍ക്ക് ധൈര്യമായി വണ്ടിയെടുക്കാന‍് പറ്റിയ സ്ഥലമാണ് ബൈലക്കുപ്പെ. ബാംഗ്ലൂരില്‍ നിന്നും 218 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ബൈലക്കുപ്പെ മൈസൂരിനും ബാംഗ്ലൂരിനും ഇടയിലായി, കൂര്‍ഗിനോട് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ടിബറ്റൻ റെഫ്യൂജി സെറ്റില്‍മെന്‍റായ ഇവിടെ ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം ആണ് പ്രധാന ആകര്‍ഷണം.കുശാല്‍നഗറിലെ ബൈലക്കുപ്പെ നംഡ്രോലിംഗ് മൊണാസ്ട്രി എന്ന സുവര്‍ണ്ണ ക്ഷേത്രം അതിന്‍റെ രൂപം മുതല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും വരെയുള്ള കാര്യങ്ങളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ദലൈലാമയുടെ ഭവനമായ ധര്‍മ്മശാല കഴിഞ്ഞാല്‍, ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റില്‍മെന്റാണ് ബൈലക്കുപ്പെയിലുള്ളത്.

5. കബനി:വൈല‍്ഡ് ലൈഫും പ്രകൃതിയും ഇഷ്ടമുള്ളവര്‍ക്ക് കബനി തിരഞ്ഞെടുക്കാം. ബാംഗ്ലൂരില്‍ നിന്ന് 215 കിലോമീറ്റര്‍ ദൂരത്തില്‍ ബാംഗ്ലൂരിനും മൈസൂരിനും ഇടയിലായാണ് കബനി ഉള്ളത്. കബനി നദിയുടെ തീരവും ഇവിടുത്തെ വന്യജീവികളും ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട കാര്യങ്ങളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group