പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ (Bengaluru) കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ കണക്കിലെടുത്ത് ബംഗളൂരുവില്‍ അധികൃതര്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, ഗതാഗത നിയന്ത്രണങ്ങള്‍, ഉയര്‍ന്ന സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശനമായ നടപടികള്‍ പ്രാദേശിക അധികാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വിവിധ സ്ഥലങ്ങളിലായി 48 ചെക്ക്പോസ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി, നഗരത്തിലെ പ്രധാന പ്രദേശങ്ങളായ എംജി റോഡ്, റസിഡൻസി റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവ ഡിസംബര്‍ 31 രാത്രി 8.00 മുതല്‍ വാഹനരഹിതമായിരിക്കും.
കൂടാതെ, നഗരത്തിലെ എല്ലാ മേല്‍പ്പാലങ്ങളും രാത്രി 11 മുതല്‍ രാവിലെ ആറ് വരെ അടച്ചിടും. പുതുവത്സരാഘോഷങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം നല്‍കുന്നതിനായി ‘സ്ത്രീ സുരക്ഷാ ദ്വീപ്’ നഗരത്തിനുള്ളില്‍ അധികൃതര്‍ അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ എല്ലാ പാര്‍ട്ടികളും പുലര്‍ച്ചെ 1 മണിക്ക് അവസാനിപ്പിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ, മൊത്തം 5200 കോണ്‍സ്റ്റബിള്‍മാര്‍, 1800 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 600 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍മാര്‍, 600 സബ് ഇൻസ്പെക്ടര്‍മാര്‍, 160 ഇൻസ്പെക്ടര്‍മാര്‍, 45 അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, 15 ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍, 1 ജോയിന്റ് പോലീസ് കമ്മീഷണര്‍, 2 അഡീഷണല്‍ പോലീസ് കമ്മീഷണര്‍മാര്‍ എന്നിങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.
നഗരത്തിലെ ഹോട്ടലുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവ അവിടെ എത്തുന്ന ഉപഭോക്താക്കളുടെ പേര്, വയസ്സ്, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങളുടെ ഒരു റെക്കോര്‍ഡ് സൂക്ഷിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.