മൈസൂരു വിമാനത്താവളത്തിന് പേരിടുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. ബെളഗാവിയില്‍ നടന്ന നിയമസഭ ശൈത്യകാല സമ്മേളനത്തില്‍ ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും കോണ്‍ഗ്രസ് എം.എല്‍.എ പ്രസാദ് അബ്ബയ്യയും മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് വിവാദത്തിന്റെ തുടക്കം.ഭവന-വഖഫ് മന്ത്രി ബി.ഇസെഡ്. സമീര്‍ അഹമ്മദ് ഖാൻ ഇതിനെ പിന്തുണച്ചു. എന്നാല്‍, ബി.ജെ.പി എം.എല്‍.എമാര്‍ ഒന്നടങ്കം എതിര്‍ത്തു. ടിപ്പുവിന്റെ പേര് ഏതെങ്കിലും പൊതുശൗചാലയത്തിനാണ് ഇടേണ്ടതെന്നായിരുന്നു വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാലിന്റെ പ്രതികരണം. മൈസൂരു വിമാനത്താവളത്തിന് മൈസൂരുവിലെ ഭരണാധികാരിയായിരുന്ന നല്‍വാഡി കൃഷ്ണരാജ വഡിയാറുടെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ണാടകയിലെ ചരിത്രപുരുഷന്മാരുടെ പേര് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു സംഭവം. നാലു വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റാൻ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയെങ്കിലും മൈസൂരു വിമാനത്താവളത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. മംഗളൂരു വിമാനത്താവളത്തിന് പേരിടുന്നത് സംബന്ധിച്ചും തീരുമാനമായില്ല. ടിപ്പു സുല്‍ത്താൻ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും 4000 ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ബസനഗൗഡ പാട്ടീല്‍ പറഞ്ഞു. ടിപ്പു സുല്‍ത്താൻ സ്വാതന്ത്ര്യസമരസേനാനിയല്ല, ഒരു രാജാവുമാത്രമാണെന്ന് കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച ഒരു രക്തസാക്ഷിയാണ് ടിപ്പു സുല്‍ത്താനെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
അദ്ദേഹം ഒരു മതേതരവാദിയായിരുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തെ മതഭ്രാന്തനായി ചിത്രീകരിക്കുകയാണ്. ടിപ്പു ബ്രിട്ടീഷുകാരുമായാണ് പോരാടിയതെന്നും ഹിന്ദുക്കളെ കൊലപ്പെടുത്തുകയോ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റി വഡിയാര്‍ എക്സ്പ്രസ് എന്നാക്കിയിരുന്നു. ഇതിനു പുറമെ, സംസ്ഥാനത്തെ പാഠപുസ്തകത്തില്‍നിന്ന് ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള ‘മൈസൂര്‍ ടൈഗര്‍’ എന്ന പാഠം തന്നെ ബി.ജെ.പി സര്‍ക്കാര്‍ നീക്കി. സര്‍ക്കാറിനു കീഴിലെ ടിപ്പുജയന്തി ആഘോഷം പിൻവലിക്കുകയും ചെയ്തു.
ഇതിന് മറുപടിയെന്നോണമാണ് മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം ചര്‍ച്ചയാക്കാൻ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍ ഈ വിഷയം പൊതുജനങ്ങളിലേക്ക് വരുന്നത് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന പേടി കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, പ്രിയങ്ക് ഖാര്‍ഗെ അടക്കമുള്ള ചില നേതാക്കള്‍ നേതൃത്വത്തിന്റെ ഈ നിലപാടിനെതിരാണ്. മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
ഹുബ്ബള്ളി വിമാനത്താവളത്തിന് ക്രാന്തിവീര സംഗൊള്ളി രായണ്ണയുടെയും ബെളഗാവി വിമാനത്താവളത്തിന് കിറ്റൂര്‍ റാണി ചെന്നമ്മയുടെയും ശിവമൊഗ്ഗ വിമാനത്താവളത്തിന് രാഷ്ട്രകവി ഡോ. കെ.വി. പുട്ടപ്പ (കുവെമ്ബു) വിന്റെയും വിജയപുര വിമാനത്താവളത്തിന് ശ്രീ ജഗദ് ജ്യോതി ബസവേശ്വരയുടെയും പേരുകള്‍ നല്‍കാൻ തീരുമാനമായിരുന്നു. മംഗളൂരു വിമാനത്താവളത്തിന് കോട്ടി ചെന്നയ്യയുടെ പേരു നല്‍കണമെന്ന ബി.ജെ.പി എം.എല്‍.എ വി. സുനില്‍കുമാറിന്റെ ആവശ്യം പരിഗണിച്ചില്ല. ഉള്ളാളിലെ തുളുവ രാജ്ഞിയായിരുന്ന വീര റാണി അബ്ബക്കയുടെ പേര് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു സ്പീക്കര്‍ യു.ടി. ഖാദറിന്റെ നിലപാട്.