Home Featured താമരശ്ശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറും കവർന്നു

താമരശ്ശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറും കവർന്നു

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് അകത്തുണ്ടായിരുന്ന 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. പിന്നീട് കാറുമായി സംഘം കടന്നുകളഞ്ഞു. ചുരത്തിൽ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മൈസൂരിൽനിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം.

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മൈസൂരിൽനിന്ന് ബുധനാഴ്‌ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാർമാർഗം സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശ്ശേരി ചുരത്തിലെത്തിയത്. ഒമ്പതാംവളവിന് സമീപമെത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാൽ പോലീസിന് നൽകിയ വിവരം.

വശത്തെ ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽനിന്ന് വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കൊടുവള്ളിയിൽനിന്ന് പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും വാഹനത്തിനകത്തുണ്ടായിരുന്നെന്നാണ് പരാതിക്കാരൻ അറിയിച്ചത്.

അതേസമയം, കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.സ്വർണം, കുഴൽപ്പണക്കടത്ത് സംഘം വിവരം ചോർത്തി വാഹനം തടഞ്ഞ് കവർച്ച നടത്തുന്നതിന് ചുരംപാത ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്.കഴിഞ്ഞവർഷം മേയ് 28-ന് ഗൾഫിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ കുന്ദമംഗലം സ്വദേശിയെ പിന്തുടർന്നെത്തിയ സംഘം രണ്ടാംവളവിനു സമീപം അർധരാത്രി ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നു.സംഭവത്തിനുപിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നായിരുന്നു പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാര്‍

യാത്ര പ്രേമികള്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങള്‍ കൂടി.ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ലെന്ന് അതത് രാജ്യങ്ങളിലെ ഭരണകൂടം അറിയിച്ചു.ടൂറിസവും അന്താരാഷ്‌ട്ര നയതന്ത്ര ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു ചുവടുവയ്പ്പാണിതെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രതികരിച്ചു. ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷൻ നടപ്പിലാക്കുന്നതോടെ വിസാ നടപടികള്‍ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വിസ കൂടാതെ വിദേശരാജ്യത്ത് പ്രവേശിക്കുമ്ബോള്‍ യാത്രക്കാര്‍ക്ക് അനുവദിക്കുന്ന രേഖയാണ് ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷൻ അഥവാ ഇടിഎ.ജനുവരി മുതലാണ് കെനിയയിലും ഇറാനിലും വിസ-രഹിത പ്രവേശനം നടപ്പിലാക്കുക. ഇന്ത്യ അടക്കം 33 പുതിയ രാജ്യങ്ങള്‍ക്കാണ് ഇറാൻ സൗജന്യ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.ലോകത്തെമ്ബാടുമുള്ള വിവിധ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം ഇറാൻ കൈക്കൊണ്ടത്. റഷ്യ, യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ലെബനൻ, ഉസ്‌ബെക്കിസ്ഥാൻ, കിര്‍ഗിസ്ഥാൻ, താജിക്കിസ്ഥാൻ, ടുണീഷ്യ, മൗറിതാനിയ, ടാൻസാനിയ, സിംബാബ്വേ, മൗറീഷ്യസ്, സീഷെല്‍സ്, ഇന്തോനേഷ്യ, ദറുസ്സലം, ജപ്പാൻ, സിംഗപ്പൂര്‍, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീല്‍, പെറു, ക്യൂ, മെക്‌സിക്കോ, വെനസ്വേസ, ബോസ്‌നിയ, ഹെര്‍സേഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാറൂസ് എന്നീ രാജ്യങ്ങള്‍ക്കും വിസ സൗജന്യമായിരിക്കുമെന്ന് ഇറാൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group