Home Featured ബംഗളൂരു: ഭ്രൂണഹത്യ റാക്കറ്റ് കേസ്; ഒരു നഴ്സുകൂടി അറസ്റ്റില്‍

ബംഗളൂരു: ഭ്രൂണഹത്യ റാക്കറ്റ് കേസ്; ഒരു നഴ്സുകൂടി അറസ്റ്റില്‍

ബംഗളൂരു: സംസ്ഥാനത്തെ ഞെട്ടിച്ച ഭ്രൂണഹത്യ റാക്കറ്റ് കേസില്‍ ഒരു നഴ്സുകൂടി മൈസൂരുവില്‍ അറസ്റ്റില്‍. കേസിലെ മറ്റൊരു പ്രതിയായ ഏജന്റ് പുട്ടരാജുവിന്റെ ബന്ധുവും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ ഉഷാറാണിയെയാണ് (23) സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 11 ആയി.കഴിഞ്ഞ ദിവസം കേസ് സി.ഐ.ഡി ഏറ്റെടുത്തിരുന്നു. ബംഗളൂരു, മണ്ഡ്യ, മൈസൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന വൻറാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളെ കണ്ടെത്തി അവരെ മണ്ഡ്യയിലെ സ്കാനിങ് കേന്ദ്രത്തില്‍ എത്തിച്ചിരുന്നത് പുട്ടരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പരിശോധനയില്‍ പെണ്‍ഭ്രൂണമാണെന്ന് കണ്ടെത്തിയാല്‍ ഇവരെ ഭ്രൂണഹത്യക്കായി മൈസൂരുവിലേക്ക് അയക്കും.

പുട്ടരാജുവിന്റെ നിര്‍ദേശപ്രകാരം, സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭിണികളുടെ ഗര്‍ഭം അലസിപ്പിക്കലായിരുന്നു ഉഷാറാണി ചെയ്തിരുന്നത്. ആശുപത്രി അധികൃതര്‍ അറിയാതെ വ്യാജരേഖകളുണ്ടാക്കി പലരുടെയും അബോര്‍ഷൻ പ്രക്രിയ ഉഷാറാണി നിര്‍വഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി ഉടമക്ക് സി.ഐ.ഡി നോട്ടീസ് അയച്ച്‌ അന്വേഷണം ആരംഭിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ ഈ വിവരമറിയുന്നത്. റാക്കറ്റില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് അന്വേഷണസംഘം കരുതുന്നത്.

ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. രാജേശ്വരി, ഫാമിലി വെല്‍ഫെയര്‍ ഓഫിസര്‍ ഡോ. രവി എന്നിവരെ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു. ഉഷാറാണിക്ക് പുറമെ, മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദ്രൻ ബള്ളാള്‍, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന, റിസപ്ഷനിസ്റ്റും മണ്ഡി മൊഹല്ലയിലെ താമസക്കാരിയുമായ റിസ്മ ഖാനൂം, ലബോറട്ടറി ടെക്നീഷ്യൻ നിസാര്‍, ആശുപത്രിയിലെ നഴ്സായിരുന്ന മഞ്ജുള, മൈസൂരു സ്വദേശി ശിവലിംഗഗൗഡ, മണ്ഡ്യ സ്വദേശി നയൻകുമാര്‍, ദാവൻകരെ സ്വദേശി ടി.എം. വീരേഷ്, മണ്ഡ്യ സ്വദേശി നവീൻ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group