ബംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ലെന്നരോപിച്ച് ഹോട്ടലിനെതിരെ പരാതിയുമായി ദമ്ബതികള്‍ കോടതിയില്‍.ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്. ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.വീട്ടില് പാചക വാതകം തീര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷണത്തിനായി കൃഷ്ണപ്പയും ഭാര്യയും പുറത്തിറങ്ങിയത്. ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലില്‍ നിന്ന് 150 രൂപ നല്‍കി ഇരുവരും ബിരിയാണ് പാഴ്സല്‍ വാങ്ങി. വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ ബിരിയാണിയില്‍ ഒറ്റ ചിക്കൻ പീസില്ല. ഉടൻ തന്നെ ഹോട്ടലിനെ ബന്ധപ്പെട്ട് കാര്യം പറഞ്ഞു.
അരമണിക്കൂറിനുള്ളില്‍ പുതിയ പാഴ്സല്‍ എത്തിക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്‍കി. എന്നാല്‍ രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും ബിരിയാണി കൊണ്ടുവന്നില്ലെന്നും പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഏപ്രില്‍ 28-ന് കൃഷ്ണപ്പ ഹോട്ടല്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് 30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.കമ്മീഷനില്‍ കേസ് സ്വയം വാദിക്കാനായിരുന്നു കൃഷ്ണപ്പയുടെ തീരുമാനം. ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിരിയാണിയില്‍ ചിക്കനില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു.
പരാതിക്കാരന്റെ ആവലാതി സത്യസന്ധമാണെന്നും കൃത്യമായ സേവനം നല്‍കുന്നതില്‍ ഹോട്ടല്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരമായി 1,000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടല്‍ തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു,