കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ പട്ടാപ്പകല്‍ 23കാരിയായ സ്കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ട് പോയി. എസ്.യു.വിയിലെത്തിയ മൂന്നംഗ സംഘമാണ് സ്കൂള്‍ അധ്യാപികയായ അര്‍പിതയെ തട്ടിക്കൊണ്ട് പോയത്.അവര്‍ ജോലി ചെയ്യുന്ന സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം യുവതിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അര്‍പിതയുടെ അടുത്തേക്ക് എസ്.യു.വി എത്തുന്നതും കാറിലുള്ള രണ്ട് പേര് ചേര്‍ന്ന് അവരെ വാഹനത്തിലേക്ക് വലിച്ച് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.ബന്ധുവായ രാമുവാണ് അര്‍പിതയെ തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
ഇരുവരും തമ്മില്‍ നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്താൻ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.സ്കൂള്‍ അവധി ദിനത്തിലാണ് അധ്യാപികയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയത്. സ്കൂള്‍ അവധി ദിവസം അവര്‍ സ്കൂളിന് സമീപത്ത് എത്തിയതെന്തിനാണെന്ന് അന്വേഷിക്കുന്നുണ്ട്. അന്ന് സ്കൂളില്‍ മറ്റെന്തെങ്കിലും പരിപാടിയുണ്ടായിരുന്നോവെന്നതും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് ഹാസൻ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധനയും നടത്തിയിട്ടുണ്ട്.