ബെംഗളൂരു നഗരത്തിലെ തടാകങ്ങൾ സംരക്ഷിക്കാൻ വൊളൻ്റിയർമാരാകാൻ ബിബിഎംപിയുടെ ‘കരെ മിത്ര’ പോർട്ടലിലൂടെ ഇതുവരെ അറുനൂറിലേറെ പേർ റജിസ്റ്റർ ചെയ്തു. ബിബിഎംപിയുടെ സംരക്ഷണയിലുള്ള ഇരുന്നൂറോളം തടാകങ്ങൾ സംരക്ഷിക്കാനാണ് വൊളന്റിയർമാരെ നിയോഗിക്കുന്നത്. മാലിന്യം തള്ളുന്നത് ഉൾപ്പെടെ തടാകങ്ങൾ മലിനമാകാൻ കാരണമാകുന്ന പ്രശ്നങ്ങൾ അധികൃതരെ അറിയിക്കുകയാണ് വൊളന്റിയർമാരുടെ പ്രധാന ദൗത്യം.തടാകത്തിനു ചുറ്റും തൈകൾ നട്ടുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും പങ്കാളികളാകണം. കഴിഞ്ഞ മാസം 19നാണ് ബിബിഎംപി ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. നഗര വികസനത്തിനു പൊതുജനങ്ങളിൽ നിന്നും ആശയം തേടി നടത്തിയ ബ്രാൻഡ് ബെംഗളൂരു പ്രചാരണത്തിൽ നിന്നു ലഭിച്ച ആശയമാണ് ‘കരെ മിത്ര’.
തടാകങ്ങളിൽ കൂടുതലും മലിനം: ബിബിഎംപി പരിധിയിലെ 112 തടാകങ്ങളിലെ ജലം ഉപയോഗയോഗ്യമല്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. മലിനജലം ശുദ്ധീകരിക്കാതെ തടാകങ്ങളിലേക്ക് ഒഴുക്കുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഒപ്പം മാലിന്യം തടാകങ്ങളിലേക്കു വലിച്ചെറിയുന്നതും പതിവാണ്. തടാകത്തോടു ചേർന്നുള്ള പാർക്കുകൾ പലതും സാമൂഹിക വിരുദ്ധരുടെ താവളമായി. എന്നാൽ ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുന്നതിനാൽ കർശന നടപടികൾ സ്വീകരിക്കാൻ ബിബിഎംപിക്കു പലപ്പോഴും കഴിയുന്നില്ല. പ്രാദേശികവാസികളെ സംരക്ഷകരായി നിയമിക്കുന്നതിലൂടെ ഇതിനു പരിഹാരം കാണാനാകുമെന്ന് ബിബിഎംപി പ്രതീക്ഷിക്കുന്നു.
മലിനമായി ഹെബ്ബാൾ തടാകം: ഹെബ്ബാൾ തടാകത്തിലേക്കു മലിനജലം ഒഴുക്കിവിടുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകം. ഒപ്പം അടുത്തിടെ സമാപിച്ച ഗണേശ ചതുർഥി ആഘോഷങ്ങളിൽ വിഗ്രഹം നിമജ്ജനം ചെയ്തതും തടാകത്തിലെ മലിനീകരണം വർധിപ്പിച്ചു. 143 കിലോമീറ്റർ നീളമുള്ള ഹെബ്ബാൾ തടാകം നഗരത്തിൽ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണ്. മുൻപ് ഇതിലെ ജലം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. എന്നാൽ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ജലവിതരണ വകുപ്പ് ഇതു നിർത്തുകയായിരുന്നു. 2002ൽ തടാകം സർക്കാർ നവീകരിച്ചെങ്കിലും തുടർന്ന് സംരക്ഷണം നൽകാത്തതാണ് തിരിച്ചടിയായത്.