ജൈവ സാങ്കേതിക രംഗത്ത് പരിഷ്കരിച്ച നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു പാലസില്‍ ബുധനാഴ്ച ആരംഭിച്ച 26ാമത് ബംഗളൂരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറെ പ്രതിസന്ധികളിലൂടെ നീങ്ങുന്ന ബയോടെക്നോളജി വിഭാഗത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കാൻ കര്‍ണാടക സര്‍ക്കാറിന്റെ പ്രതിബദ്ധത പരിഷ്കരിച്ച ബയോടെക് പോളിസിയില്‍ പ്രകടമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനിമേഷൻ, വിഷ്വല്‍ ഇഫക്ട്സ് പോലുള്ള രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും ആനിമേഷൻ, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയില്‍ പുതിയ നയം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കര്‍ണാടക സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ 5,400 ഐ.ടി-ഐ.ടി ഇതര കമ്ബനികളും 750ഓളം മള്‍ട്ടി നാഷനല്‍ കോര്‍പറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.ടി മേഖലയില്‍ 12 ലക്ഷം പേര് നേരിട്ടും 31 ലക്ഷം പേര് പരോക്ഷമായും ജോലി ചെയ്യുന്ന ബംഗളൂരുവില്‍നിന്നാണ് രാജ്യത്തിന് 85 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി വരുമാനം നല്‍കുന്നത്.
ബംഗളൂരു പാലസില്‍ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റില്‍ ചന്ദ്രയാൻ-മൂന്ന് പ്രദര്‍ശന നഗരിയില്നിന്ന്രാജ്യത്തെ സോഫ്റ്റ്വെയര് കയറ്റുമതിയുടെ 40 ശതമാനവും ബംഗളൂരുവില്‍നിന്നാണ്. നിക്ഷേപകരെ ആകര്‍ഷിക്കാൻ തടസ്സങ്ങളില്ലാത്ത ഇക്കോസിസ്റ്റമാണ് കര്‍ണാടക പ്രദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ബ്രേക്കിങ് ബൗണ്ടറീസ് എന്ന തലക്കെട്ടില്‍ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റ് വെള്ളിയാഴ്ച സമാപിക്കും. 30ലധികം രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകരും സ്റ്റാര്‍ട്ടപ്പുകളും ടെക്നോളജി മേഖലയിലെ നേതാക്കളും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്. നൂറോളം സ്റ്റാളുകള്‍ക്ക് പുറമെ, സ്റ്റാര്‍ട്ടപ്പുകളുടെ പ്രത്യേക പവിലിയനും ചന്ദ്രയാൻ-മൂന്ന് പദ്ധതിയുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, മറ്റു മന്ത്രിമാരായ എം.ബി. പാട്ടീല്‍, എൻ.എസ്. ബൊസെരാജു, വിശിഷ്ടാതിഥികളായി കസാഖ്സ്താൻ ഡിജിറ്റല്‍ മന്ത്രി ബഗ്ദത്ത് ഹുസൈൻ, ഫിൻലൻഡ് ശാസ്ത്ര-സാംസ്കാരിക മന്ത്രി സരി മുള്താല, ജര്‍മൻ ഡിജിറ്റല്‍ അഫയേഴ്സ് മന്ത്രി വോള്‍കര്‍ വിസ്സിങ്, എ.എം.ഡി എക്സി. വൈസ് പ്രസിഡന്റ് മാര്‍ക്ക് പേപര്മാസ്റ്റര്, വിപ്രോ എക്സി. ചെയര്മാൻ റിഷാദ് പ്രേംജി.ചീഫ് സെക്രട്ടറി വന്ദിത ശര്‍മ, ഇൻവെസ്റ്റ് ഇന്ത്യ സി.ഇ.ഒ നജവൃതി റായ്, സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്സ് ഡയറക്ടര്‍ ജനറല്‍ അരവിന്ദ് കുമാര്‍, ബയോകോണ്‍ ലിമിറ്റഡ് എക്സി. ചെയര്പേഴ്സൻ കിരണ്‍ മജുംദാര്‍ ഷോ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, സ്റ്റാര്‍ട്ടപ്സ് വിഷൻ ഗ്രൂപ് ചെയര്മാൻ പ്രശാന്ത് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.