ബെംഗളൂരു: വാണിജ്യ മേളയിൽ കന്നഡ പാട്ടുവെക്കണമെന്നാവശ്യപ്പെട്ടുള്ള തർക്കത്തിനിടെ യുവാവ് മർദ്ദനമേറ്റുമരിച്ചു. ഓൾഡ് ബാഗലൂരു ലേഔട്ട് സ്വദേശി പ്രവീണാണ് (27) മരിച്ചത്. ലിംഗരാജപുരത്തുനടന്ന വാണിജ്യ മേളയ്ക്കിടെയാണ് സംഭവം. മേളയിൽ കന്നഡ പാട്ടുകൾ വെക്കണമെന്നാവശ്യപ്പെട്ട് പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരുസംഘവും തമിഴ് പാട്ടുകൾ വെക്കണമെന്നാവശ്യപ്പെട്ട് മറ്റൊരുസംഘവും രംഗത്തെത്തിയതോടെയാണ് തർക്കം തുടങ്ങിയത്.തർക്കം പിന്നീട് കൈയാങ്കളിയിലെത്തി. ഇതിനിടെ പ്രവീണിന് ഹെൽമെറ്റുകൊണ്ടുള്ള മർദനമേൽക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാനസവാടി സ്വദേശികളായ സുന്ദർ, അറുമുഖം, പ്രഭു എന്നിവർ പിടിയിലായതായി ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. ഡി. ദേവരാജ പറഞ്ഞു.
കർണാടക ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
കർണാടക ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസർ കെ.എ. വാദിരാജ്, 51, വ്യാഴാഴ്ച രാവിലെ ബോണ്ടലിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.വാദിരാജിന്റെ ഭാര്യ സ്കൂളിലേക്ക് തങ്ങളുടെ രണ്ട് കുട്ടികളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ രാവിലെ പോയിരുന്നതായി പോലീസ് പറഞ്ഞു.വാദിരാജിന്റെ കാർ ഡ്രൈവർ പാർക്കിംഗ് ഏരിയയിൽ അൽപ്പനേരം കാത്തുനിന്ന ശേഷം ഫ്ലാറ്റിലേക്ക് പോയി രക്തത്തിൽ കുളിച്ച് കിടക്കുന്ന വാദിരാജിനെ കണ്ടു. ഉച്ചയോടെ കുണ്ടികാനയിലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.