കര്‍ണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.പ്രതിമയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് സഹപ്രവര്‍ത്തകര്‍.കൊല്ലപ്പെട്ട പ്രതിമ ധീരയായ ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറത്തനിലയില്‍ കണ്ടെത്തിയത്. അടുത്തിടെ അവര്‍ ചില സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു, ഇത് കൊലപാതകത്തിന് കാരണമായോ എന്നാണ് സഹപ്രവര്‍ത്തകരുടെ സംശയം.പ്രതിമ വളരെ ഊര്‍ജസ്വലയായ സ്ത്രീയായിരുന്നു. അവരുടെ കഠാനാധ്വാനം കൊണ്ട് വകുപ്പിലും നല്ല സല്‍പ്പേര് ഉണ്ടാക്കിയിരുന്നു. വളരെ ധൈര്യശാലിയായിരുന്നു. റെയ്ഡുകളോ നടപടികളോ ആകട്ടെ, അവള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വലിയ പ്രശസ്തി നേടി.
അവള്‍ അടുത്തിടെ ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി’ കര്‍ണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം അവര്‍ ശത്രുക്കളെ ഒന്നും ഉണ്ടാക്കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ വ്യക്താക്കി. ബെംഗളൂരു രാമനഗരയില്‍ പ്രതിമ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. അടുത്തിടെ ഖനി മാഫിയയെ കേന്ദ്രീകരിച്ചായിരുന്നു പ്രതിമ റെയ്ഡ് നടത്തിയിരുന്നത്.അഞ്ചുവര്‍ഷത്തോളമായി കൊലപാതകം നടന്ന അപ്പാര്‍ട്ട്മെന്റില്‍ തനിച്ചാണ് പ്രതിമ താമസിച്ചിരുന്നത്. ഭര്‍ത്താവ് ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. വിധാൻസൗധയ്ക്ക് സമീപത്തെ വി.വി. ടവറിലാണ് പ്രതിമയുടെ ഓഫീസ്. ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു.
രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടില്‍ തിരിച്ചെത്തിയെന്നും രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്ബതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. തറയില്‍ കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. പ്രാഥമികാന്വേഷണത്തില്‍ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.ജോലി കഴിഞ്ഞ് ശനിയാഴ്ച രാത്രി ഡ്രൈവറാണ് പ്രതിമയെ അപ്പാര്‍ട്ട്മെന്റില്‍ ഇറക്കിയത്. ഞായറാഴ്ച രാവിലെ സഹോദരൻ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് പ്രതിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയില്‍ സഹോദരൻ ഫോണില്‍ വിളിച്ചിരുന്നെങ്കിലും മറുപുറത്ത് അറ്റൻഡ് ചെയ്തിരുന്നില്ല.
ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരെത്തി സാംപിള്‍ ശേഖരിച്ചു. സുബ്രഹ്മണ്യപുര പോലീസ് കൊലപാതകത്തിന് കേസെടുത്തു. അന്വേഷണത്തിന് മൂന്നു സംഘത്തെ നിയോഗിച്ചതായി ഡി.സി.പി. രാഹുല്‍ കുമാര്‍ ഷഹപുര്‍വാഡ് പറഞ്ഞു. ഖനിമാഫിയയാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കൊലപാതകത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.