ബെംഗളൂരു: കര്‍ണാടകയില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടികള്‍ക്കുള്ള അനുമതി നിഷേധിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇന്നലെ നടത്താനിരുന്ന സെമിനാറിന് കര്‍ണാടക പൊലീസ് അനുമതി നിഷേധിച്ചത്.പരിപാടി നടത്താനിരുന്ന ബിഫ്റ്റ് ഓഡിറ്റോറിയം പോലീസ് പൂട്ടിയിടുകയും ചെയ്തു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അനുമതി നല്‍കാതിരിക്കാൻ സമ്മര്‍ദ്ദമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മൂവ്മെന്റ് ഫോര്‍ ജസ്റ്റിസ് നടത്താനിരുന്ന ലീഗല്‍ അവെയര്‍നെസ്സ് പരിപാടിക്കും ബംഗ്ലൂരു ഫ്രീഡം പാര്‍ക്കില്‍ നടത്താനിരുന്ന പ്രതിഷേധ സംഗമത്തിനും അനുമതി ലഭിച്ചിട്ടില്ല. ഫലസ്തീൻ സിനിമാ പ്രദര്‍ശനത്തിനും അനുമതി നല്‍കിയില്ല.അതിനിടെ, തുംകൂറില്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്ത അഞ്ചോളം പേര്‍ക്കെതിരെ ഐപിസി 295 എ കുറ്റം ചുമത്തി കേസെടുത്തു. ഒക്ടോബര്‍ 16ന് ബെംഗളൂരു എം.ജി റോഡില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 25 പേര്‍ക്കെതിരെ കുറ്റപത്രവും രജിസ്റ്റര്‍ ചെയ്തു.
പാചകവാതകത്തിന് വീണ്ടും വില വർദ്ധിപ്പിച്ചു
പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറില്‍ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് ഒക്ടോബറില്‍ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി. വില വര്‍ധന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാധകം. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന്റെ വില കൂട്ടുന്നത് ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാകാം വില വര്‍ധന തല്‍ക്കാലം വാണിജ്യ സിലിണ്ടറുകളില്‍ ഒതുക്കിയത്.