Home Featured ചരിത്ര നേട്ടം; എട്ടാംതവണയും ബാലണ്‍ ദ്യോര്‍ സ്വന്തമാക്കി മെസ്സി

ചരിത്ര നേട്ടം; എട്ടാംതവണയും ബാലണ്‍ ദ്യോര്‍ സ്വന്തമാക്കി മെസ്സി

2023 ബാലണ്‍ ദ്യോര്‍ പുരസ്കാരം അര്‍ജന്റൈൻ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്സലോണയിലെയും സ്പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവര്‍ഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലണ്‍ദ്യോര്‍ ജേതാവ്.ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി. ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് പ്രധാനമായും മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി.

30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ലയണല്‍ മെസ്സിക്കും എര്‍ലിങ് ഹാളണ്ടിനുമാണ്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. ജമാല്‍ മുസ്യാലയെ മറികടന്നാണ് ഈ നേട്ടം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിൻ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിന് സ്വന്തം. സോക്രട്ടീസ് പുരസ്കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനമുള്‍പ്പടെ മുൻനിര്‍ത്തിയാണ് മെസ്സിക്ക് ഇത്തവണ ബാലണ്‍ദ്യോര്‍ സമ്മാനിച്ചത്.

നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലായിരുന്നു പുരസ്കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു. ബാലണ്‍ദ്യോര്‍ പുരസ്കാരം നേടിയ ഏക അര്‍ജന്റീനാ താരവും കൂടിയാണ് മെസ്സി.പി.എസ്.ജി.ക്കുവേണ്ടി 2022-23 സീസണില്‍ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയ മെസ്സി, പിന്നീട് ഇന്റര്‍ മയാമിക്കുവേണ്ടി ലീഗ്സ് കപ്പ് ട്രോഫിയും നേടി. സീസണിലെ 55 കളിയില്‍ 32 ഗോളുമടിച്ചു.

ലോകകപ്പില്‍ അര്‍ജന്റീനയെ കിരീട ജേതാക്കളായ മെസ്സി, ഏഴ് ഗോളടിച്ച്‌ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞവര്‍ഷം ഫിഫ ദി ബെസ്റ്റ് പുരസ്കാരവും 36-കാരൻ സ്വന്തമാക്കി. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. ലോകകപ്പിന് ശേഷം അര്‍ജന്റീനാ ടീമില്‍ ഗോളടിച്ച്‌ തിളങ്ങുകയാണ് മെസ്സി.

You may also like

error: Content is protected !!
Join Our WhatsApp Group