ബെംഗളൂരു : ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെ സുഖം പ്രാപിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ തിങ്കളാഴ്ചയാണ് അദ്ദേഹം ബൈപ്പാസ് സർജറിക്ക് വിധേയനായത്.തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ചെറിയ ശസ്ത്രക്രിയക്കുശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമിക്കുകയാണെന്ന് ബൊമ്മ എക്സിൽ കുറിച്ചു. ‘വേഗം സുഖം പ്രാപിക്കട്ടെ’യെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ എക്സിൽ കുറിച്ചു.
കർണാടക: ചെരുപ്പ് മാല അണിയിച്ച് യുവതിയെ ആക്രമിച്ചു
ഹണി ട്രാപ്പിംഗ് ആരോപിച്ച് കർണാടകയിൽ 38 കാരിയായ സ്ത്രീയെ ബെലഗാവി ജില്ലയിൽ രോഷാകുലരായ ജനക്കൂട്ടം പാദരക്ഷകൾ കൊണ്ട് മാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു. സംഭവത്തെ തുടർന്ന് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബെലഗാവി ജില്ലയിലെ ഘടപ്രഭ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഹണി ട്രാപ്പിംഗിലൂടെ സ്ത്രീ ഒന്നിലധികം പുരുഷന്മാരെ കൊള്ളയടിച്ചതായി ഗ്രാമവാസികൾ ആരോപിച്ചു.
അവളുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ഗ്രാമീണരിൽ ചിലർ ആദ്യം വാക്ക് തർക്കം ഉണ്ടാക്കുകയും പിന്നീട് അവളെ വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തു. അവളെ ശാരീരികമായി ആക്രമിക്കുകയും ജനക്കൂട്ടം അവളെ അപമാനകരമായ ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു.എമർജെൻസി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യുവതിക്ക് പരുക്ക് പറ്റിയിട്ടുണ്ട്.