ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധം നിലനില്‍ക്കെ, മഹിഷ ദസറ ആഘോഷിക്കാനുള്ള തീരുമാനവുമായി മഹിഷ ദസറ ആഘോഷ കമ്മിറ്റിയും മൈസൂര്‍ യൂനിവേഴ്സിറ്റി റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷനും മുന്നോട്ട്.ഒക്ടോബര്‍ 13ന് മൈസൂരു ചാമുണ്ഡി ഹില്‍സില്‍ മഹിഷ ദസറ ആഘോഷിക്കും. പരിപാടിയുടെ ക്ഷണക്കത്തില്‍ ചാമുണ്ഡി ഹില്‍സിനെ മഹിഷ ഹില്‍സ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മഹിഷ പ്രതിമയില്‍ ഹാരാര്‍പ്പണവും പ്രാര്‍ഥനയും നടത്താൻ 13ന് ചാമുണ്ഡി ഹില്‍സിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. ആഘോഷ ചടങ്ങുകള്‍ക്ക് മൈസൂരു മുൻ മേയര്‍ പുരുഷോത്തം നേതൃത്വം നല്‍കും. മുൻ മന്ത്രി ബി.ടി. ലളിത നായ്ക്ക് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളും നിശ്ചലദൃശ്യങ്ങളും റാലിയുടെ ഭാഗമായി അരങ്ങേറും.
തുടര്‍ന്ന് മൈസൂരു ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് പേര് പങ്കെടുക്കും.മൈസൂരുവില്‍ നടക്കുന്ന ദസറ ആഘോഷത്തിന്റെ ബദലായാണ് മഹിഷ ദസറ ആഘോഷം അരങ്ങേറുന്നത്. മഹിഷയെ കുറിച്ച് ജനങ്ങളുടെ മനസ്സില്‍ തെറ്റായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും മഹിഷ ഒരു ഇതിഹാസ പുരുഷനാണെന്നും മഹിഷ ദസറ ആഘോഷ സമിതി ചൂണ്ടിക്കാട്ടുന്നു. മൈസൂരു നഗരത്തിന്റെ പേര് അതില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. മഹിഷ ഊരു എന്നതാണ് മൈസൂരു എന്നായത്. മഹിഷയെ കുറിച്ച് കുടുതല്‍ പഠനവും ഗവേഷണവും നടത്താൻ സര്‍ക്കാര്‍ മഹിഷ അതോറിറ്റി രൂപവത്കരിക്കണമെന്നും സമിതി ആവശ്യമുന്നയിച്ചിരുന്നു.
മഹിഷ ഒരു രാക്ഷസനാണെന്നാണ് പുരാണ സങ്കല്പം. വിജയദശമി ദിനത്തില്‍ ചാമുണ്ഡേശ്വരി ദേവി മഹിഷയെ ചാമുണ്ഡി കുന്നില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് മൈസൂരു ദസറയുടെ ഐതിഹ്യം. എന്നാല്‍, ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് മഹിഷയെ രാക്ഷസനായി അവതരിപ്പിക്കുകയാണെന്ന് മഹിഷ ദസറ അര്‍ച്ചന സമിതി ചൂണ്ടിക്കാട്ടുന്നു. മഹിഷ യഥാര്‍ഥത്തില്‍ ബുദ്ധ ഭരണാധികാരിയായിരുന്നെന്നും ഉന്നത ജാതിക്കാരായ ആര്യന്മാര് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് അവരുടെ വാദം. മഹിഷയെ കുറിച്ച് വര്‍ഷങ്ങളായി നുണ പ്രചരിപ്പിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാൻ പറഞ്ഞു. മഹിഷ ദസറ ആഘോഷത്തെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്.
മഹിഷ ദസറ അടഞ്ഞ അധ്യായമാണെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹിഷ ദസറയെ എതിര്‍ക്കാൻ ഒക്ടോബര്‍ 13ന് ചാമുണ്ഡി ചലോ റാലിക്ക് പ്രതാപ് സിംഹ ആഹ്വാനം ചെയ്തു. എന്നാല്‍, ആഘോഷത്തിന് തങ്ങള്‍ക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് മഹിഷ ദസറ സമിതി പ്രതികരിച്ചു. ഭരണഘടനക്ക് കീഴില്‍ എല്ലാവര്ക്കും അതത് ആഘോഷങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ജില്ല ഭരണകൂടത്തിനും മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ക്കും മൈസൂരു കോര്‍പറേഷനും ചടങ്ങിന് അനുമതി തേടി കത്ത് നല്‍കിയിട്ടുണ്ടെന്ന് സമിതി പ്രസിഡന്റും മുൻ മേയറുമായ പുരുഷോത്തം പറഞ്ഞു. മഹിഷ ദസറയെ എതിര്‍ക്കില്ലെന്ന് സാമൂഹിക ക്ഷേമ മന്ത്രിയും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രിയുമായ എച്ച്.സി. മഹാദേവപ്പ വ്യക്തമാക്കി.