ഹൈദാരാബാദ്: ആന്ധ്രാപ്രദേശില്‍ തങ്ങളുടെ സഖ്യം അധികാരത്തിലെത്തിയാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മദ്യവില കുറയ്ക്കുമെന്ന് ജനസേനാ പാര്‍ട്ടി അധ്യക്ഷൻ പവൻ കല്യാണ്‍.തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേനാ പാര്‍ട്ടി മത്സരിക്കുന്നത്. നിലവില്‍ ജഗൻ സര്‍ക്കാരിന്റെ കീഴില്‍ ആന്ധ്രയില്‍ മദ്യവില്പനയ്ക്ക് നിയന്ത്രണമുണ്ട്.വൈ.എസ് ജഗൻ മോഹൻ റെഡ്ഡി 2018 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ മദ്യനിരോധനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സംസ്ഥാനത്തെ റവന്യൂ കമ്മി നിരോധനത്തില്‍ നിന്ന് നിയന്ത്രണത്തിലേക്ക് നയം മാറ്റാൻ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
“മദ്യം നിരോധിക്കുമെന്ന് ജഗൻ ഉറപ്പുനല്‍കിയിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പകരം വിലകൂട്ടി ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കി.തെറ്റായ വാഗ്ദാനങ്ങള്‍ നല്കി ആരെയും തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഒരു മാസത്തിനകം നല്ല നിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നല്‍കും.ആളുകള്‍ കുടിക്കാൻ പോകുകയാണെങ്കില്‍, കുറഞ്ഞത് അവര്‍ നല്ല മദ്യമെങ്കിലും കഴിക്കണം, “വ്യാഴാഴ്ച ഏലൂര്‍ ജില്ലയിലെ കൈകലൂരില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പവന് കല്യാണ്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ മദ്യം നിരോധിക്കണമെങ്കില്‍ പഞ്ചായത്തിന് തീരുമാനിക്കാം, ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുകയും വികസന സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദി സര്‍ക്കാരിന്റെ പിന്തുണയോടെ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി ആന്ധ്രാപ്രദേശിനെ രക്ഷിക്കുമെന്ന് അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന് ഒരവസരം കൂടി നല്‍കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ആന്ധ്രാപ്രദേശിനെ രക്ഷിക്കാൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.