Home Featured തമിഴ്നാടിന് ജലം വിട്ടു നല്‍കല്‍; കര്‍ണാടക വീണ്ടും നിയമ നടപടിക്ക്

തമിഴ്നാടിന് ജലം വിട്ടു നല്‍കല്‍; കര്‍ണാടക വീണ്ടും നിയമ നടപടിക്ക്

15 ദിവസത്തേക്ക് എല്ലാദിവസവും 5000 ക്യൂസെക്സ് ജലം കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യൂ.ആര്‍.സി)യുടെ നിര്‍ദേശം നടപ്പാക്കുന്നതിന് പകരം കര്‍ണാടക നിയമനടപടിയിലേക്ക് നീങ്ങുന്നു.നിലവിലെ സാഹചര്യത്തില്‍ ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സി.ഡബ്ല്യൂ.ആര്‍.സിക്ക് വീണ്ടും ഹരജി നല്‍കാനാണ് ബുധനാഴ്ച ബംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലെ തീരുമാനം. ഇതുസംബന്ധിച്ച്‌ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷം നിലവിലെ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും സിദ്ധരാമയ്യ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ്നാടിന് ദിനേന 5000 ക്യൂസെക്സ് ജലം വിട്ടുനല്‍കണമെന്ന് ചൊവ്വാഴ്ചയാണ് സി.ഡബ്ല്യൂ.ആര്‍.സി നിര്‍ദേശം നല്‍കിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വൈകാതെ ഡല്‍ഹിയിലെത്തി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ, എല്ലാ പാര്‍ട്ടികളിലെയും മുൻ മുഖ്യമന്ത്രിമാര്‍, കാവേരി നദീ മേഖലയില്‍നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന മന്ത്രിമാര്‍, സംസ്ഥാനത്തുനിന്നുള്ള ലോക്സഭ അംഗങ്ങള്‍, രാജ്യ സഭാംഗങ്ങള്‍ തുടങ്ങിയവരെയാണ് പ്രത്യേക അടിയന്തര യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.

എന്നാല്‍, യോഗത്തില്‍ ജെ.ഡി-എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി, ബി.ജെ.പി നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ എന്നിവര്‍ പങ്കെടുത്തില്ല. അതേസമയം, ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, പി.സി. മോഹൻ, ശിവകുമാര്‍ ഉദാസി, സ്വതന്ത്ര എം.പി സുമലത അംബരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group