ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ബെംഗളൂരു കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കഴിഞ്ഞ രണ്ടുമാസത്തിനിടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.ബെംഗളൂരു ഈസ്റ്റ് ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 1218 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. സൗത്ത് ഡിവിഷനിൽ 1003 പേർക്കും മഹാദേവപുര സോണിൽ 875 പേർക്കും ഈസ്റ്റ് സോണിൽ 635 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലായിൽ 1649 പേർക്കും ഓഗസ്റ്റിൽ 1589 പേർക്കും സെപ്റ്റംബറിൽ ഇതുവരെ 416 പേർക്കും രോഗം സ്ഥിരീകരിച്ചു.നഗരത്തിൽ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകു പെരുകുന്നതിന് കാരണമാകുന്നു.ബെംഗളൂരു കോർപ്പറേഷന്റെ കീഴിൽ ആറു ലാബുകളുണ്ടെന്നും പരിശോധന വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോർപ്പറേഷനിൽ ജീവനക്കാരുടെ കുറവുള്ള കാര്യം മന്ത്രി അംഗീകരിച്ചു.
ഡെങ്കിപ്പനി നിരീക്ഷണത്തിനായുള്ള ആപ്പ് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് ദിനേശ് ഗുണ്ടുറാവു അറിയിച്ചു. ആരോഗ്യപ്രവർത്തകർ ഓരോ സ്ഥലങ്ങളിലും കൃത്യമായി കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോയെന്ന് ആപ്പ് വഴി അറിയാനാകും. സുതാര്യതയ്ക്കു വേണ്ടിയാണ് ആപ്പ് പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പത്തല്ല നൂറ് കോടി തരാം; ഉദയനിധിയ്ക്കെതിരെ കൊലവിളി നടത്തിയ സ്വാമിയുടെ തലവെട്ടിയാല്‍ പാരിതോഷികം നല്‍കാമെന്ന് സീമാൻ
ചെന്നൈ: ഡിഎംകെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാൻ.ഉദയനിധിയുടെ തല വെട്ടിമാറ്റണമെന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താല്‍ 100 കോടി പ്രതിഫലമായി നല്‍കുമെന്നാണ് സീമാൻ ചെന്നൈയില്‍ പറഞ്ഞത്. സനാതന ധര്‍മ്മം ഉത്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ അയോദ്ധ്യയിലെ സന്ന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് പത്ത് കോടി വിലയിട്ടത്.ഉദയനിധിയുടെ പരാമര്‍ശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഏറ്റെടുത്തതോടെ വിഷയം ദേശീയ ശ്രദ്ധ നേടി.
വാദ പ്രതിവാദങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് തീവ്ര തമിഴ്വാദിയായ സീമാൻ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഉദയനിധി സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്ന് സീമാൻ അഭിപ്രായപ്പെട്ടു. അക്കാര്യം അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാനാകില്ല. മനുഷ്യന്റെ ജനനം നോക്കി സവര്‍ണനാണോ അവര്ണനാണോ എന്ന് തീരുമാനിക്കുന്ന രീതിയോട് യോജിക്കാനാകില്ല . ഇന്ത്യയുടെ പേരുമാറ്റത്തെക്കുറിച്ച് പ്രത്യേകിച്ച് നിലപാടൊന്നുമില്ല എന്നും സീമാൻ വ്യക്തമാക്കി. എന്നാല്‍ തമിഴ്നാടിന്റെ പേര് അങ്ങനെ തന്നെ നിലനില്‍ക്കണം. സീമാൻ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചത്. ആര്‍ക്കും തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമെന്നും ആചാര്യ പറഞ്ഞു. എന്നാല്‍ പത്ത് രൂപയുടെ ചീപ്പ് തന്നാല്‍ സ്വയം തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ മറുപടി.