ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ബെലഗാവി ജില്ലയെ മൂന്നായി വിഭജിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ബെലഗാവിക്ക് പുറമെ ഗോഗക്, ചിക്കോടി എന്നിവ ആസ്ഥാനമാക്കി രണ്ടു ജില്ലകൾകൂടി രൂപവത്കരിക്കാനാണ് ആലോചന. കർണാടകത്തിലെ ഏറ്റവും വലിയ ജില്ലയായ ബെലഗാവിയുടെ ഭരണ നിർവഹണം എളുപ്പമാക്കാനാണിത്.അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത വടക്കൻകർണാടകത്തിലെ എം.എൽ.എ.മാരുടെ യോഗത്തിലാണ് ഈ ആശയമുയർന്നത്.ബെലഗാവി ജില്ല വിഭജിക്കേണ്ടതിന്റെ ആവശ്യം പല എം.എൽ.എ.മാരും യോഗത്തിലുന്നയിച്ചു.
നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.ഭരണസൗകര്യത്തിനായി ജില്ല വിഭജിക്കണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേ ഉയരുന്നതാണ്. ചില പ്രാദേശിക സംഘടനകൾ എതിർപ്പുയർത്തുന്നതാണ് തടസ്സം.13,500 ചതുരശ്ര കിലോമീറ്ററാണ് ബെലഗാവി ജില്ലയുടെ വിസ്തീർണം. ജനസംഖ്യയിൽ ബെംഗളൂരു അർബന്‍ പിന്നിൽ രണ്ടാംസ്ഥാനത്താണ്. 54 ലക്ഷം ജനങ്ങൾ ജില്ലയിലുണ്ടെന്നാണ് കണക്ക്.
മയക്കുമരുന്നുമായി നാല് മലയാളികള്‍ അറസ്റ്റില്‍
മംഗളൂരു: നഗരത്തില്‍ രണ്ടിടങ്ങളിലായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎ മയക്കുമരുന്ന് വില്പനയില് ഏര്‍പ്പെട്ട കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാല് പേരെ അറസ്റ്റ് ചെയ്തു.മിയാപദവിലെ വി.കെ.ഇബ്രാഹിം അര്‍ഷാദ്(40), ഉദ്യാവര്‍ സ്വദേശികളായ എ.എൻ.മുഹമ്മദ് ഹനീഫ് (47), സെയ്ദ് ഫൗജാൻ(30), കുഞ്ചത്തൂരിലെ സിറാജുദ്ദീൻ അബൂബക്കര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു ജങ്ഷൻ റയില്‍വേ സ്റ്റേഷനടുത്ത് ആലപെയില്‍ മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ഇബ്രാഹിം അറസ്റ്റിലായത്. ഇയാളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്ക യന്ത്രം, മൊബൈല്‍ ഫോണ്‍,1000 രൂപ എന്നിവ പിടിച്ചെടുത്തു.മറ്റു മൂന്ന് പേരെ കേരളത്തില്‍ നിന്നുള്ള ധാരാളം പേര് ചികിത്സക്കും മറ്റുമായി എത്തുന്ന ഫല്‍നീര്‍ ഭാഗത്ത് എംഡിഎംഎ വില്പന നടത്തുമ്ബോഴാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്കം ഉപകരണം, മൊബൈല്‍ ഫോണുകള്‍,4000 രൂപ, മയക്കുമരുന്ന് കടത്തിയ കാര്‍ എന്നിവയും പിടിച്ചെടുത്തു.