Home Featured ബെംഗളൂരു:ദൂധ് സാഗറിലേക്ക് സഞ്ചാരിപ്രവാഹം, റെയില്‍പാളംപോലും നിറഞ്ഞ് ആള്‍ക്കൂട്ടം; വീഡിയോ വൈറല്‍

ബെംഗളൂരു:ദൂധ് സാഗറിലേക്ക് സഞ്ചാരിപ്രവാഹം, റെയില്‍പാളംപോലും നിറഞ്ഞ് ആള്‍ക്കൂട്ടം; വീഡിയോ വൈറല്‍

മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ ഏറ്റവും സഞ്ചാരികളെത്തുന്ന സ്പോട്ടുകളിലൊന്നാണ് ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ദൂധ് സാഗര്‍ വെള്ളച്ചാട്ടം.മഴകനത്താല്‍ നിറഞ്ഞ് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് എല്ലാ വര്‍ഷവും എത്താറുള്ളത്. ഇത്തവണയാകട്ടെ സഞ്ചാരി പ്രവാഹം എല്ലാ റെക്കോഡുകളും കടത്തി വെട്ടിയിരിക്കയാണ്. ദൂധ് സാഗര്‍ കണ്ട് മടങ്ങാനായി ട്രെയിൻ കാത്തുനില്‍ക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. റെയില്‍പാളം പോലും നിറഞ്ഞ് കവിഞ്ഞാണ് ഇവിടെ ആള്‍ക്കൂട്ടം.കനത്ത മഴയും തുടരെയുണ്ടാവുന്ന അപകടങ്ങളും കാരണം ദൂധ് സാഗര്‍ ഉള്‍പ്പടെയുള്ള ഗോവയിലെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം കഴിഞ്ഞ ദിവസങ്ങളില്‍ നിരോധിച്ചിരുന്നു.

ഈ വഴിയിലുള്ള പല റോഡുകളും തകര്‍ന്ന നിലയിലുമാണ്. വെള്ളച്ചാട്ടം അടച്ചതിന് ശേഷമുള്ള വീഡിയോ ആണോ ഇത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വിസിറ്റ് ഉടുപ്പി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരോധനം ലംഘിച്ച്‌ ട്രെക്കിങ് നടത്തിയവരെ പോലീസ് ഏത്തമിടീക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഈ സമയത്ത് ദൂധ് സാഗറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്ക് ലംഘിച്ച്‌ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്ക് ചെയ്യാനെത്തിയ ചില സഞ്ചാരികളെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. സഞ്ചാരികള്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതും ആര്‍.പി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രെയിനിറങ്ങി റെയില്‍പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികളെ തടയാൻ മാത്രം 50 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

ബെംഗളൂരുവില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാൻ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നുകൂടിയാണിത്.മാഡ്ഗാവ് ബല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ദൂധ് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഇടതൂര്‍ന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂധ് സാഗറിന് സമീപത്ത് കൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്. പല ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഈ ദൃശ്യം പകര്‍ത്താൻ വേണ്ടി മണ്‍സൂണ്‍ കാലത്ത് ദൂധ് സാഗറിലെത്താറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group