ബെംഗളൂരു: മഴക്കാലം തുടങ്ങിയതോടെ നഗരം ഡെങ്കിപ്പനി ഭീതിയിൽ. കഴിഞ്ഞ 11 ദിവസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 178 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഓരോദിവസവും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണംകൂടിവരികയാണ്.ഈ വർഷം ഇതുവരെ ഡെങ്കിപ്പനി സംശയവുമായി 3565 പേർ ചികിത്സതേടി. ഇതിൽ 1009 പേരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചപ്പോൾ 905 പേർക്കാണ് സ്ഥിരീകരിച്ചത്. 2022-ൽ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 585 പേർക്കെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ഒരുമാസത്തിനിടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ആശുപത്രികളിൽ വരുന്ന പത്തുശതമാനംപേരും ഡെങ്കിപ്പനി ബാധിതരാണെന്നും ഒരുശതമാനം രോഗികളെ ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കൊതുകു കടിയേറ്റ് മൂന്നോനാലോ ദിവസം കഴിഞ്ഞാണ് സാധാരണഗതിയിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ കാണിക്കുന്നത്.രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ പാടില്ലെന്നും എത്രയുംവേഗം ആശുപത്രിയിലെത്തി രക്തപരിശോധന നടത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
നഗരത്തിൽ കൊതുകുശല്യം രൂക്ഷമായതിനാലാണ് ഡെങ്കിപ്പനി കൂടുന്നത്. പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും മാലിന്യം കുന്നുകൂടുന്നതുമെല്ലാം കൊതുകു പെരുകുന്നതിന് കാരണമാകുന്നു. പനി വ്യാപിക്കാതിരിക്കാനുള്ള നടപടികൾ വേണമെന്നും ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) നേതൃത്വത്തിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
ഡെങ്കിപ്പനി ബാധിതർകൂടി വരുന്നതിനാൽ പ്ലേറ്റ്‌ലെറ്റിനും രക്തദാതാക്കൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്.പ്ലേറ്റ്‌ലെറ്റുകളോ രക്തമോ ആവശ്യമുണ്ടെങ്കിൽ കർണാടക സ്റ്റേറ്റ് ഡ്രഗ് കൺട്രോൾ വകുപ്പ്, സങ്കൽപ് ഇന്ത്യ ഫൗണ്ടേഷൻ, റെഡ് ക്രോസ് കർണാടക, കർണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റി തുടങ്ങിയവയെ സമീപിക്കാം.അടിയന്തര സാഹചര്യങ്ങളിൽ രക്തം ലഭ്യമാക്കാൻ സംസ്ഥാനത്ത് 230 രക്ത ബാങ്കുകളുണ്ട്. ഇതിൽ 43 എണ്ണം സർക്കാരിന്റേതും 108 എണ്ണം സ്വകാര്യ ആശുപത്രികളുടേതും 66 എണ്ണം ജീവകാരുണ്യ സംഘടനകളുടേതുമാണ്.
യൂട്യൂബ് പോലെ ഇനി ട്വിറ്ററില്‍ നിന്നും പണമുണ്ടാക്കാം; ക്രിയേറ്റര്‍മാര്‍ക്ക് 20 ലക്ഷം രൂപ വരെ
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. ഒടുവില്‍ ട്വിറ്ററും തങ്ങളുടെ പരസ്യ വരുമാനത്തിലൊരു പങ്ക് ഉള്ളടക്ക സൃഷ്ടാക്കള്‍ക്ക് നല്‍കിത്തുടങ്ങി.യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പാത പിന്തുടര്‍ന്നാണ് ട്വിറ്ററും ആഡ് റെവന്യൂ, പങ്കുവെക്കാൻ തുടങ്ങിയത്. ചില പ്രമുഖ ട്വിറ്റര്‍ ക്രിയേറ്റര്‍മാര്‍ തങ്ങള്‍ക്ക് വരുമാനം ലഭിച്ച വിവരം പങ്കുവെച്ചിട്ടുമുണ്ട്. നിലവില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്, വൈകാതെ എല്ലാ ക്രിയേറ്റര്‍മാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റ്, മെറ്റയുടെ ‘ത്രെഡ്സ്’ എന്ന പുതിയ സോഷ്യല്‍ മീഡിയയുടെ വരവോടെ അല്‍പ്പം ക്ഷീണത്തിലാണ്.
ആളുകളെ ട്വിറ്ററിലേക്ക് ആകര്‍ഷിക്കാനും പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുവാനുമാണ് പുതിയ ‘വരുമാന’ തന്ത്രം മസ്ക് പയറ്റിയിരിക്കുന്നത്.അതേസമയം, ട്വിറ്ററില്‍ നിന്ന് പണമുണ്ടാക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. ട്വീറ്റിന് ലഭിക്കുന്ന ഇംപ്രഷനുകളാണ് വരുമാനത്തിന്റെ അടിസ്ഥാനം. ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് നല്‍കുക.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം 5 ദശലക്ഷത്തിലധികം ട്വീറ്റ് ഇംപ്രഷനുകള്‍ ഉണ്ടായിട്ടുള്ളവരും ട്വിറ്റര്‍ ബ്ലൂ (Twitter Blue)-ന്റെ വരിക്കാരുമായ ഉപയോക്താക്കള്‍ക്ക് മാത്രമാകും പരസ്യവരുമാനം ലഭിക്കാനുള്ള അര്‍ഹതയുണ്ടാവുക. അതായത്, മൂന്ന് മാസം കൊണ്ട് കുറഞ്ഞത് 50 ലക്ഷം ആളുകളെങ്കിലും നിങ്ങളുടെ ട്വീറ്റുകള്‍ കാണണം, കൂടാതെ, ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉള്ളവരുമാകണം.ഇത്തരം പേയ്‌മെന്റുകള്‍ മൊത്തം അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ളതായിരിക്കും. സ്ട്രൈപ്പ് വഴിയാകും, പണം ക്രിയേറ്റര്‍മാര്‍ക്ക് ലഭ്യമാക്കുകയെന്നും ഇലോണ്‍ മസ്ക് അറിയിച്ചു.
പ്രശസ്തരായവരാണെങ്കില്‍, വരുമാനത്തിന്റെ തോത് കൂടും. ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 750,000 ഫോളോവേഴ്‌സ് ഉള്ള എഴുത്തുകാരൻ ബ്രയാൻ ക്രാസെൻസ്റ്റീന് ട്വിറ്റര്‍ 24,305 ഡോളര്‍ (20 ലക്ഷത്തോളം രൂപ) നല്‍കിയിട്ടുണ്ട്. യു.എഫ്.സി താരം ആൻഡ്രൂ ടേറ്റിന് 20000 ഡോളറാണ് ലഭിച്ചത്. ബാബിലോണ്‍ ബീ എഴുത്തുകാരിയായ ആഷ്‌ലി സെന്റ് ക്ലെയര്‍ തനിക്ക് $7,153 ലഭിച്ചതായി അവകാശപ്പെട്ടു.