Home Featured ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ പൊലീസ് ചമഞ്ഞ് വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള കവർച്ചകൾ പെരുകുന്നു.

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ പൊലീസ് ചമഞ്ഞ് വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള കവർച്ചകൾ പെരുകുന്നു.

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ പൊലീസ് ചമഞ്ഞ് വാഹനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തിയുള്ള കവർച്ചകൾ പെരുകുന്നു. കഴി‍ഞ്ഞ ദിവസം രാത്രി രാമനഗരയ്ക്ക് സമീപം കന്നമംഗലയിൽ കെങ്കേരി സ്വദേശി ജി.ധനുഷിനെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നത്. പൊലീസ് വേഷത്തിലെത്തിയ സംഘം കാർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞു നിർത്തി.ഡോർ തുറന്നതിന് പിന്നാലെ കത്തികാണിച്ച് കവർച്ച നടത്തുകയായിരുന്നു. ധനുഷിന്റെ പരാതിയെ തുടർന്ന് രാമനഗര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച മണ്ഡ്യ മദ്ദൂരിന് സമീപം കുടക് സ്വദേശി മുത്തപ്പയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി സമാനരീതിയിൽ കവർച്ച നടത്തിയിരുന്നു. മുത്തപ്പയുടെ പരാതിയിൽ മദ്ദൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് 13നു രാത്രി ദമ്പതികൾ സഞ്ചരിച്ച കാർ സമാന രീതിയിൽ കൊള്ളയടിച്ച് ആഭരണവും പണവും കവർന്നിരുന്നു.

ഹെൽപ് ലൈൻ നോക്കുകുത്തി:വൻതുക ടോൾ പിരിക്കുന്നുണ്ടെങ്കിലും എക്സ്പ്രസ് വേയിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) സ്ഥാപിച്ച ഹെൽപ് ലൈൻ സൗകര്യം കൊണ്ടു പ്രയോജനമില്ലെന്ന് ആക്ഷേപം. 1033എന്ന ഹെൽപ് ലൈനിലേക്ക് വിളിക്കുന്നവർക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല. രാത്രിയിൽ പൊലീസ് പെട്രോളിങും കാര്യമായി ഇല്ലാത്തത് കവർച്ചാ സംഘങ്ങൾക്ക് സഹായകരമാകുന്നു. മാർച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ വരുന്ന എക്സ്പ്രസ് വേയിൽ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നത്.

നൈസ് റോഡിലും കവർച്ച:നൈസ് റോഡിലും കവർച്ചാ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു. ബെന്നാർഘട്ടെ സ്വദേശി ഇളവരശൻ (37) ആണ് കഴിഞ്ഞ ദിവസം കവർച്ചയ്ക്കിരയായത്. ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചപ്പോൾ നിർത്തിയ ഇളവരശന്റെ കഴുത്തിൽ കത്തിവച്ച് മൊബൈൽ ഫോൺ കവർന്നു. ഹുളിമാവ് ബേഗൂർ–കൊപ്പ ക്രോസ് ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. ബൈക്ക് ഉപേക്ഷിച്ച് റോഡിലൂടെ ഓടിയ ഇളവരശൻ തുമക്കൂരു റോഡ് കവാടത്തിലെ ഗോൾ ഗേറ്റിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഹുളിമാവ് പൊലീസ് കേസെടുത്തു.

അമിതവേഗത്തിന് ഉൾപ്പെടെ 490 കേസ് :എക്സ്പ്രസ് വേയിൽ 18 ഇടങ്ങളിൽ സ്പീഡ് റഡാർ ഗണ്ണുകൾ സ്ഥാപിച്ചതിനെ തുടർന്ന് അമിത വേഗത്തിനും ലെയ്ൻ തെറ്റിച്ചതിനുമായി 490 വാഹനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 174 കേസുകൾ വാഹനങ്ങളുടെ അമിതവേഗത്തിനും 137 കേസുകൾ ലെയ്ൻ പാലിക്കാത്തതിനുമാണ്. 47 കേസുകൾ ഹെൽമറ്റ് ധരിക്കാത്തതിനും 81 കേസുകൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ്. അപകടങ്ങൾ പെരുകിയതോടെ കഴിഞ്ഞ ആഴ്ചയാണ് പരിശോധന ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group