ബെംഗളൂരു:കർണാടക സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പ്രവർത്തിക്കുന്ന വിധാൻ സൗധയിലെത്തിയ ജീവനക്കാരിയുടെ ബാഗിൽ കത്തി കണ്ടെത്തി. വിധാൻസൗധയുടെ കിഴക്കേ വാതിൽ വഴി പ്രവേശിക്കാനെത്തിയ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെ സുരക്ഷാ ചുമതലയുള്ള പോലീസാണ് കത്തി കണ്ടെത്തിയത്.പഴവർഗങ്ങൾ മുറിക്കുന്ന കത്തിയാണ് ബാഗിലുണ്ടായിരുന്നത്. ജീവനക്കാരിയുടെ അമ്മ ആശുപത്രിയിലാണ്. അമ്മയ്ക്കൊപ്പം രാത്രി കഴിഞ്ഞ ഇവർ രാവിലെ നേരിട്ട് ഓഫീസിലേക്ക് വരുകയായിരുന്നു.
അമ്മയ്ക്ക് പഴങ്ങൾ മുറിച്ചുകൊടുത്ത കത്തി അബദ്ധത്തിൽ ബാഗിൽ വെച്ചതാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ബാഗ് പുറത്തുവെച്ചശേഷം ഇവരെ ജോലിചെയ്യാൻ അനുവദിച്ചു.വെള്ളിയാഴ്ച നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ എം.എൽ.എ. ചമഞ്ഞെത്തിയയാൾ സഭയിലിരുന്ന സംഭവമുണ്ടായിരുന്നു.
ചിത്രദുർഗ ദൊഡ്ഡപേട്ട് സ്വദേശി തിപ്പരുദ്രപ്പയാണ് സഭയിൽ പ്രവേശിച്ച് ജെ.ഡി.എസ്. എം.എൽ.എ. കരേമ്മ ജി. നായകിന്റെ കസേരയിലിരുന്നത്. 15 മിനിറ്റോളം ഇയാൾ സഭയ്ക്കകത്തുണ്ടായിരുന്നു. സുരക്ഷാവീഴ്ച തിരച്ചറിഞ്ഞതോടെ ഇയാളെ പുറത്താക്കി. പിന്നീട് അറസ്റ്റുചെയ്തു. സംഭവത്തിനു പിന്നാലെ വിധാൻസൗധയിലെ പോലീസ് സുരക്ഷയെപ്പറ്റി ആഭ്യന്തര മന്ത്രി ജി. പരമേശ്വര റിപ്പോർട്ട് തേടിയിരുന്നു.
വടക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ കനക്കും, യെല്ലോ അലർട്ട്; കടലിൽ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നീളുന്ന കാലവർഷപ്പാത്തിയും ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് തീരത്തോടു ചേർന്നുള്ള ചക്രവാതച്ചുഴിയും കാരണം വരുംദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ച മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.