ബെംഗളൂരു∙ പഠനത്തിനും ജോലിക്കുമായി ആദ്യമായി നഗരത്തിലെത്തുന്ന മലയാളികളെ ഓട്ടോ ഡ്രൈവർമാർ വ്യാപകമായി ചൂഷണം ചെയ്യുന്നതായി പരാതി. കേരള ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും പ്രധാന സ്റ്റോപ്പായ മഡിവാളയിലാണ് ചൂഷണം വ്യാപകം. കഴിഞ്ഞ 17ന് ഇത്തരം കൊള്ളയിൽ നിന്നു മലയാളി കുടുംബത്തെ രക്ഷിച്ചതിനു വടകര സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ വളഞ്ഞിട്ടു മർദിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ മഡിവാള പൊലീസ് അന്വേഷണം നടത്തി വരികയാണ്. മഡിവാള ജംക്‌ഷനിൽ ഇറങ്ങിയ കുടുംബത്തെ ഓട്ടോ ഡ്രൈവർമാരുടെ സംഘം വളയുകയായിരുന്നു.
5 കിലോമീറ്റർ അകലെയുള്ള സെന്റ് ജോസഫ് കോളജിലേക്കു 750 രൂപ കൂലി ആവശ്യപ്പെട്ടു. ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിനിടെ വടകര സ്വദേശി ഇടപെട്ടതോടെയാണ് ഡ്രൈവർമാർ അക്രമാസക്തരായതെന്നാണ് പരാതി.പുലർച്ചെ 4 മണിയോടെ മടിവാളയിലേക്ക് ബസുകൾ എത്തിത്തുടങ്ങുന്നതോടെയാണ് ഓട്ടോക്കാരുടെ കൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നത്.
ബസിൽ നിന്ന് യാത്രക്കാരെ സമാധാനമായി ഇറങ്ങാൻ പോലും അനുവദിക്കാത്ത വിധം ഡ്രൈവർമാർ വളയും. നിശ്ചിത തുകയെക്കാളും നാലും അഞ്ചും ഇരട്ടി തുകയാണ് ആവശ്യപ്പെടുക. കുറഞ്ഞ ദൂരം സഞ്ചരിക്കേണ്ടവരിൽ നിന്ന് അമിതകൂലി വാങ്ങി നഗരം മുഴുവൻ ചുറ്റിക്കുന്നതായും പരാതിയുണ്ട്.
നന്ദിനി പാലിന് വിലകൂട്ടാന്‍ സാധ്യത:നന്ദിനി പാലിന് അഞ്ചുരൂപ വിലകൂട്ടാൻ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തതായി സഹകരണമന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു.കര്‍ണാടക മില്‍ക് ഫെഡറേഷൻ (കെ.എം.എഫ്) ആണ് ഉല്‍പാദകര്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
നിലവില്‍ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമാണ് നന്ദിനിക്കുണ്ടാകുന്നത്. വിലവര്‍ധനവ് വേണമെന്ന ആവശ്യം നേരത്തെയും ഉയര്‍ന്നിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിന് ഏറ്റവും വിലക്കുറവ് കര്‍ണാടകയിലാണ്. കര്‍ഷകര്‍ക്ക് കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.