Home Featured അന്ന ഭാഗ്യ പദ്ധതി തുടങ്ങാനാവാതെ വലഞ്ഞ് കര്‍ണാടക സര്‍ക്കാര്‍; ഗ്യാരണ്ടികള്‍ നടപ്പായില്ലെങ്കില്‍ സമരമെന്ന ഭീഷണിയുമായി യെദ്യൂരപ്പ

അന്ന ഭാഗ്യ പദ്ധതി തുടങ്ങാനാവാതെ വലഞ്ഞ് കര്‍ണാടക സര്‍ക്കാര്‍; ഗ്യാരണ്ടികള്‍ നടപ്പായില്ലെങ്കില്‍ സമരമെന്ന ഭീഷണിയുമായി യെദ്യൂരപ്പ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പത്ത് കിലോഗ്രാം സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ പദ്ധതി തുടങ്ങാനാവാതെ വലഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.ആവശ്യമായ അരി നല്‍കാൻ കേന്ദ്രം കനിയാതായതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അരി ലഭ്യമാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് സര്‍ക്കാര്‍. ജൂലൈ ഒന്നിന് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും അരി ലഭ്യത ഉറപ്പുവരുത്താൻ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഓഗസ്റ്റ് മാസം ആദ്യവാരം പദ്ധതി തുടങ്ങാമെന്നാണ് കരുതുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി കെ എച്ച്‌ മുനിയപ്പ അറിയിച്ചു.

അരിക്ഷാമത്തെ കുറിച്ച്‌ സംസാരിക്കാൻ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. അന്ന ഭാഗ്യ പദ്ധതി നടപ്പിലാവാതിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കെ എച്ച്‌ മുനിയപ്പ ആരോപിച്ചു.കര്‍ണാടകയ്ക്ക് അരി നല്‍കാമെന്നേറ്റ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ പിൻവാങ്ങിയതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നത്തില്‍ ഇടപെടാമെന്നു അമിത്ഷാ ഉറപ്പു നല്‍കിയതായാണ് സിദ്ധരാമയ്യ അവകാശപ്പെട്ടത്.

അരി വിഷയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ബിജെപി പോരിലെത്തി നില്‍ക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ എഫ് സി ഐ അരി തരുന്നത് മുടക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.അധികാരം പിടിക്കാൻ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന പ്രത്യാരോപണമാണ് ബിജെപിയുടേത്. അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കാൻ 4.45 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കര്‍ണാടകയ്ക്ക് ആവശ്യം. 2.17 ലക്ഷം മെട്രിക് ടണ്‍ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

ബാക്കി വരുന്ന 2.28 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കര്‍ണാടക കണ്ടെത്തേണ്ടത്. നിലവില്‍ പഞ്ചാബും ഛത്തീസ്ഗഡും അരി നല്‍കാമെന്ന് ഏറ്റിട്ടുണ്ട് എന്നതുമാത്രമാണ് സിദ്ധരാമയ്യ സര്‍ക്കാരിനെ സംബന്ധിച്ച്‌ താത്കാലിക ആശ്വാസം. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരപരിപാടിക്ക് രൂപം നല്‍കുകയാണ് പ്രതിപക്ഷം.വാഗ്ദാനങ്ങള്‍ പാലിക്കാൻ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധികാരം ഒഴിയണമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. മുൻ നിശ്ചയിച്ച പ്രകാരം ഗ്യാരണ്ടികള്‍ എല്ലാം നടപ്പിലാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നിയമസഭക്ക് അകത്തും പുറത്തും ബിജെപി സമരം പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ജൂലൈ ആദ്യ വാരം തുടങ്ങുന്ന നിയമസഭാ സമ്മേളനം വരെ സര്‍ക്കാരിന് ബിജെപി സാവകാശം നല്‍കും.അന്ന ഭാഗ്യ ഉള്‍പ്പടെ അഞ്ചു പ്രധാന വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചത്. ഇതില്‍ വനിതകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം മാത്രമാണ് നടപ്പിലാക്കാനായത്. എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമെന്ന വാഗ്ദാനം വൈകാതെ പ്രാവര്‍ത്തികമാകും. അതിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്.

ബിജെപി സര്‍ക്കാരിന്റെ കാലത്തു തീരുമാനിച്ച നിരക്ക് വര്‍ധന പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ നടപ്പിലായില്ലെന്നും അതിപ്പോള്‍ പ്രാബല്യത്തില്‍ വന്നെന്നുമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച കര്‍ണാടകയില്‍ വാണിജ്യ ഉപഭോക്താക്കളുടെ സംഘടന ബന്ദ് ആചരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group