Home Featured വൈദ്യുതി നിരക്ക് വര്‍ധന: കര്‍ണാടകയില്‍ ഇന്ന് വ്യവസായ ബന്ദ്

വൈദ്യുതി നിരക്ക് വര്‍ധന: കര്‍ണാടകയില്‍ ഇന്ന് വ്യവസായ ബന്ദ്

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചതിനെതിരെ കര്‍ണാടക ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ബന്ദ് ഇന്ന്.വ്യാഴാഴ്ച സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്താനാണ് സംഘടനയുടെ തീരുമാനം. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ ജൂണില്‍ വലിയതുകയുടെ ബില്ലാണ് ലഭിച്ചത്. ഇതുമൂലം കനത്ത സാമ്ബത്തികബാധ്യതയാണ് വ്യവസായികള്‍ക്കുണ്ടായിരിക്കുന്നത്. സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മേയ്12നാണ് വൈദ്യുതിക്ക് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുൻകൂര്‍ പ്രാബല്യമുണ്ട്.ഏപ്രില്‍ മുതലുള്ള വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിയതും മാര്‍ച്ചില്‍ അധികമായി വൈദ്യുതി വാങ്ങേണ്ടിവന്നതുമാണ് നിരക്ക് വര്‍ധനക്ക് കാരണമായി വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച്‌ അവസാനത്തോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങുക.

എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മുന്‍കൂര്‍ പ്രാബല്യത്തോടെ തെരഞ്ഞെടുപ്പിനുശേഷം മേയ് 12നാണ് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയുള്ള ഈ വര്‍ധന ജൂണിലെ ബില്ലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം മാര്‍ച്ചില്‍ അധികമായി വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ തുകയും ഈടാക്കി.

ഇതാണ് വൈദ്യുതി ബില്‍ വര്‍ധനക്കിടയാക്കിയത്. വരും മാസങ്ങളില്‍ ബില്‍ സാധാരണ നിലയിലാകുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അതേസമയം, വ്യാഴാഴ്ചത്തെ വ്യവസായ ബന്ദിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാര്‍ കട്ടീലാണ് വ്യാപാരി- വ്യവസായികള്‍ നടത്തുന്ന ബന്ദിന് പിന്തുണ നല്‍കിയത്. സിദ്ധരാമയ്യ സര്‍ക്കാര്‍ ജനദ്രോഹപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യവസായികളും സാധാരണക്കാരും ഇതിന്റെ ഫലമനുഭവിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യ സര്‍ക്കാറല്ല മുൻ ബി.ജെ.പി. സര്‍ക്കാറിന്റെ കാലത്താണ് വൈദ്യുതി റെഗുലേറ്ററി കമീഷൻ നിരക്ക് വര്‍ധിപ്പിച്ചതെന്നും ബി.ജെ.പി.യുടെ പുതിയ നിലപാട് അപഹാസ്യമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. നിരക്ക് വര്‍ധനയില്‍ നിലവിലെ സര്‍ക്കാറിന് പങ്കില്ലെന്നും വൈദ്യുതി റെഗുലേറ്ററി കമീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ഓരോവര്‍ഷവും വൈദ്യുതി ലഭ്യതയും വിതരണച്ചെലവും അടിസ്ഥാനമാക്കി റെഗുലേറ്ററി കമീഷനാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതനുസരിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷമാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

വിവാദ കന്നുകാലി ബില്ലില്‍ യു ടേണടിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ജീവനുള്ള മൃഗങ്ങളെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിന് അനുമതി നല്‍കുന്ന വിവാദ കന്നുകാലി ബില്‍ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചു.സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍നിന്നു വരെ ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു ബില്‍ പിൻവലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇടാക്കുന്നതാണ് കരടിലെ വ്യവസ്ഥകളെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ നല്‍കിയ വിശദീകരണം. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി ജൂണ്‍ ഏഴിനാണ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്‍റെ വെബ്സൈറ്റില്‍ കന്നുകാലി ബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചത്.

പത്തു ദിവസമായിരുന്നു കരടില്‍ അഭിപ്രായം അറിയിക്കുന്നതിനായി നല്‍കിയിരുന്ന സമയം. ജീവനുള്ള മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും പുറമെ നായ്ക്കള്‍, പൂച്ചകള്‍, പക്ഷികള്‍ തുടങ്ങിയവയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതും എതിര്‍പ്പിനിടയാക്കി. 1898ലെ ലൈവ്സ്റ്റോക്ക് ഇംപോര്‍ട്ടേഷൻ ആക്‌ട് പ്രകാരമാണു നിലവില്‍ രാജ്യത്തേക്കുള്ള കന്നുകാലി ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കപ്പെടുന്നത്. ജീവനുള്ള മൃഗങ്ങളെയും കന്നുകാലി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തേക്ക് സാംക്രമിക രോഗങ്ങള്‍ പ്രവേശിക്കുന്നത് തടയാനും രാജ്യത്തെ ജൈവസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിയമം നടപ്പിലാക്കുന്നത്.

1898ലെയും 2001ല്‍ നിലവില്‍ വന്ന ഭേദഗതിയുടെയും പുനര്‍നിര്‍മാണമാണു കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ലക്ഷ്യം വച്ചത്. കന്നുകാലികളുടെയും കന്നുകാലി ഉത്പന്നങ്ങളുടെയും ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള നിയന്ത്രണങ്ങള്‍, കന്നുകാലി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍, പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാകാൻ സാധ്യതയുള്ള കന്നുകാലികളുടെയും കന്നുകാലി ഉത്പന്നങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവയാണ് കരടിലുള്ളത്.

ദേശീയ ലൈവ് സ്റ്റോക്ക് ബോര്‍ഡ് രൂപീകരിക്കാനും ബില്‍ നിര്‍ദേശിക്കുന്നു. കന്നുകാലി വികസനത്തിനായുള്ള നയങ്ങളും പരിപാടികളും രൂപപ്പെടുത്തുകയും ഈ മേഖലയിലെ വിവിധ സര്‍ക്കാര്‍ ഏജൻസികള്‍ തമ്മിലുള്ള ഏകോപനവും ഉറപ്പുവരുത്തുന്നതിനായാണു ബോര്‍ഡ്. എന്നാല്‍ ജീവനുള്ള കന്നുകാലികളെ കയറ്റുമതി ചെയ്യാൻ ബില്‍ അനുവദിക്കുന്നതിനാല്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം കുറയാനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുവന്നു. മൃഗങ്ങളുടെ വലിയതോതിലുള്ള ഇറക്കുമതിയും കയറ്റുമതിയും തദ്ദേശീയ മൃഗങ്ങളുടെ ജീൻ പൂളിനെ നശിപ്പിക്കാനുള്ള സാധ്യതയും ഉന്നയിക്കപ്പെട്ടു.

മൃഗസംഘടനകള്‍, രാഷ്‌ട്രീയ നേതാക്കള്‍, സിനിമാ-ക്രിക്കറ്റ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ കരടിനെതിരേ രംഗത്തെത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപില്‍ ദേവ് അടക്കം ബില്ലിനെ എതിര്‍ക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തി. ജീവനുള്ള മൃഗങ്ങളെ ചലിക്കാനോ ശ്വസിക്കാനോ കൈകാലുകള്‍ നീട്ടാനോ കഴിയാതെ കൊണ്ടുപോകുന്നത് ക്രൂരതയാണെന്ന് മൃഗാവകാശ സംഘടനയായ ആനിമല്‍ ക്ലൈമറ്റ് ആൻഡ് ഹെല്‍ത്ത് സേവ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group