ബംഗളൂരു: സംവരണത്തിലടക്കം സംസ്ഥാനത്തെ വിവിധ ജാതികള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കാനായി കര്‍ണാടക സര്‍ക്കാര്‍ 2015ലെ ജാതി സെൻസസ് അടിസ്ഥാനമാക്കുന്നു.ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് വേണമെന്ന് രാജ്യത്തെ ജെ.ഡി.യു, ആര്‍.ജെ.ഡി, എസ്.പി, ഡി.എം.കെ, എൻ.സി.പി, ബി.ജെ.ഡി തുടങ്ങിയ പ്രധാനകക്ഷികള്‍ നിരന്തരമായി ആവശ്യപ്പെടുന്നതിനിടയിലാണിത്. 2015ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 162 കോടി രൂപ ചെലവഴിച്ച് പിന്നാക്കക്ഷേമ കമീഷന്റെ നേതൃത്വത്തില്‍ വിവിധ ജാതികളുടെ സാമൂഹിക-സാമ്ബത്തിക സെൻസസ് നടത്തിയത്.എന്നാല്‍, സെൻസസ് വിവരങ്ങള്‍ പൂര്‍ണരൂപത്തില്‍ ഇതുവരെ പൊതുമധ്യത്തില്‍ ലഭ്യമായിട്ടില്ല.
2018 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇതനുസരിച്ച് 19 ശതമാനമുള്ള പട്ടികജാതിക്കാരാണ് (എസ്.സി) സംസ്ഥാനത്ത് ഏറ്റവും വലുത്. 16 ശതമാനം വരുന്ന മുസ്‍ലിംകളാണ് രണ്ടാമത്.ലിംഗായത്തുകളാകട്ടെ ആകെ ജനസംഖ്യയുടെ 14 ശതമാനവും വൊക്കലിഗര്‍ 11 ശതമാനവുമാണ്. എന്നാല്‍, വിവരങ്ങള്‍ പുറത്തുവന്നതോടെ ഈ രണ്ട് വിഭാഗങ്ങളും ശക്തമായി എതിര്‍ത്തു. തങ്ങള്‍ ജനസംഖ്യയുടെ 20 ശതമാനമുണ്ടെന്ന് ലിംഗായത്തുകളും 17 ശതമാനമുണ്ടെന്ന് വൊക്കലിഗരും അവകാശപ്പെടുന്നു.
ഈ രണ്ട് സമുദായങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളതെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍, ഇത് തെറ്റാണെന്നാണ് ജാതിസെൻസസ് തെളിയിക്കുന്നത്. 2011ലെ പൊതുസെൻസസ് പ്രകാരം 16 ശതമാനമുള്ള എസ്.സിയും 13 ശതമാനമുള്ള മുസ്‍ലിംകളും ആണ് സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇത്തരത്തില്‍ ഒരു സംസ്ഥാനം നടത്തിയ ആദ്യ ജാതിസെൻസസാണ് കര്‍ണാടകയുടേത്. 2013 മുതല്‍ 2017 വരെ ഭരിച്ച സിദ്ധരാമയ്യക്കുശേഷം വന്ന സര്‍ക്കാറുകളൊന്നും ജാതിസെൻസസ് പരിഗണിച്ചില്ല.
സാമ്ബത്തികമായും മറ്റും പ്രബലരായ വൊക്കലിഗരുടെയും ലിംഗായത്തുകളുടെയും എതിര്‍പ്പായിരുന്നു പ്രധാന കാരണം. ബി.ജെ.പിയും ശക്തമായി എതിര്‍ക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മുസ്‍ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ശതമാനം വീതം വൊക്കലിഗര്‍ക്കും ലിംഗായത്തുകള്‍ക്കും വീതിച്ചു നല്‍കിയിരുന്നു. ഇത് പിൻവലിക്കുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
കഴിഞ്ഞ ദിവസം, തന്നെ സന്ദര്‍ശിച്ച പിന്നാക്കജാതി നേതാക്കളോടാണ് ജാതിസെൻസസ് പരിഗണിക്കുന്ന കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സഹായങ്ങളും സംവരണ തോതും ജനസംഖ്യാനുപാതികമായി ഓരോ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും കൃത്യമായി ലഭ്യമാക്കാൻ ജാതി സെൻസസ് മൂലം കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് എന്ന് പുറത്തുവിടുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.