ബെംഗളൂരു: കർണാടകത്തിലെ വീടുകളിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിൽ സംസ്ഥാനത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന മലയാളികളുൾപ്പെടെയുള്ള അയൽ സംസ്ഥാനക്കാരെയും ഉൾപ്പെടുത്തും. ഇവർ വാടകക്കരാറോ പാട്ടക്കരാറോ മുൻനിർത്തി പദ്ധതിയിൽ ഉൾപ്പെടാൻ അപേക്ഷ നൽകണമെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. അല്ലെങ്കിൽ അവരുടെ ആധാർ കാർഡിലെ മേൽവിലാസം താമസിക്കുന്നിടത്തേതാക്കി മാറ്റണം. പുതുതായി വീട് നിർമിച്ചവർക്കോ മൂന്നോ നാലോ മാസംമുമ്പ് മാത്രം വാടകയ്ക്ക് താമസമാരംഭിച്ചവർക്കോ ഇപ്പോൾ അപേക്ഷിക്കാനാവില്ല.
ഇവരുടെ കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്നും അറിയിച്ചു. ഗാർഹിക കണക്ഷനുകൾ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തുകയൂള്ളൂവെന്നും മന്ത്രി പറഞ്ഞു.പദ്ധതിയുടെ രജിസ്‌ട്രേഷൻ ഈമാസം 15-ന് ആരംഭിക്കും. ജൂലായ് 15 വരെയാണ് സമയം. സർക്കാരിന്റെ പോർട്ടലായ സേവാസിന്ധുവിലാണ് രജിസ്റ്റർചെയ്യേണ്ടത്. ഇതിനായി പ്രത്യേകം ആപ്പ് പുറത്തിറക്കും.2.16 കോടി ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2.14 കോടിപേരും ഗൃഹജ്യോതി പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കളുടെ ശരാശരി വൈദ്യുതി ഉപഭോഗം മാസം 53 യൂണിറ്റാണ്. കഴിഞ്ഞ ഒരുവർഷത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കുമ്പോൾ മാസം 200 യൂണിറ്റിന് താഴെയാണെങ്കിൽ പദ്ധതിയിൽ അപേക്ഷിക്കാം. ഈ ശരാശരി യൂണിറ്റും അതിന്റെ പത്ത് ശതമാനം അധികവും സൗജന്യമായി ഉപയോഗിക്കാം. ബാക്കിയുള്ളതിന് ബില്ലടയ്ക്കേണ്ടി വരും. പക്ഷേ, 200 യൂണിറ്റിന് മുകളിൽ കടന്നാൽ പദ്ധതിയുടെ ഗുണം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പുതുക്കിയ അറിയിപ്പിലാണ് മുന്നറിയിപ്പ്. ഒരു മണിക്കൂറോളം മുമ്ബ് നല്‍കിയ മുന്നറിയിപ്പില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിരുന്നു.08-06-2023 മുതല്‍ 12-06-2023 വരെ: കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.