Home Featured വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍, മംഗളൂരുവില്‍ ഇറങ്ങേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തു.

വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍, മംഗളൂരുവില്‍ ഇറങ്ങേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തു.

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്‍റെ റണ്‍വേയിലെ സാങ്കേതിക തകരാര്‍ മൂലം ലാൻഡ് ചെയ്യേണ്ട വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്നുള്ള ഇൻഡിഗോ വിമാനം 6E5188 ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. സാങ്കേതിക തകരാര്‍ മൂലം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി. തുടര്‍ന്ന് റണ്‍വേയിലെ ലൈറ്റുകള്‍ കത്താതിരുന്നതിനാലാണ് എടിസിയുടെ നിര്‍ദേശ പ്രകാരം വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തത്. തകരാര്‍ നിലവില്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും നിര്‍ത്തിവച്ചിരുന്നു.

തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി. ബഹ്‌റൈനിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഐഎക്‌സ് 789 വിമാനവും വൈകി.നിലവില്‍ തകരാര്‍ പരിഹരിച്ച്‌ എയര്‍പോര്‍ട്ട് റണ്‍വേ സാധാരണ നിലയിലായിട്ടുണ്ട്. എഞ്ചിനിയര്‍മാരുടെ സംഘം റണ്‍വേയിലെ ലൈറ്റിങ് പുനഃസ്ഥാപിച്ചതോടെ വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ഞായറാഴ്‌ച രാത്രി 7.30നും 9.30നും ഇടയിലാണ് വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ സാങ്കേതിക തകരാര്‍ ഉണ്ടായത്. പിന്നാലെ രണ്ട് മണിക്കൂറോളം വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചിട്ടു.

വജ്രം കടത്താൻ ശ്രമം: ദുബായിലേക്ക് ഡയമണ്ട് ക്രിസ്റ്റലുകള്‍ കടത്താൻ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ബജ്‌പെ രാജ്യാന്തര വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ സിഐഎസ്‌എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ പിടിയിലാകുകയായിരുന്നു.പരിശോധനയില്‍ ഇയാളുടെ അടിവസ്‌ത്രത്തിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ഡയമണ്ട് ക്രിസ്‌റ്റലുകള്‍ കണ്ടെത്തി.

രണ്ട് പോക്കറ്റുകളില്‍ നിന്ന് 306.21 കാരറ്റ് ഡയമണ്ട് ക്രിസ്റ്റലുകളാണ് പിടികൂടിയത്. 13 ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു വജ്രം.വിപണിയില്‍ 1.69 കോടി രൂപ മൂല്യമുള്ളതാണ് പിടികൂടിയ വജ്രമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടൻ തന്നെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പൊലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

റണ്‍വേയില്‍ കുടുങ്ങി വ്യോമസേന വിമാനം: കഴിഞ്ഞ ദിവസം കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലുള്ള ലേ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം കുരുങ്ങിയിരുന്നു. തുടര്‍ന്ന് മറ്റ് വിമാനങ്ങള്‍ റദ്ദാക്കുകയുണ്ടായി. എയര്‍ഫോഴ്‌സിന്‍റെ സി17 ഗ്ലോബ്‌മാസ്‌റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് സാങ്കേതിക തകരാറുകള്‍ മൂലം റണ്‍വേയില്‍ നിന്നുപോയത്.ഇതോടെ സ്വകാര്യ കമ്ബനികളുടെ മറ്റ് വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിയാതെ വന്നു.

പിന്നാലെ അടുത്ത ദിവസം വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാൻ എല്ലാ സ്വകാര്യ വിമാന കമ്ബനികള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം സംഭവത്തില്‍ വിശദീകരണം നല്‍കി വിമാനത്താവള അധികൃതര്‍ രംഗത്ത് വന്നിരുന്നു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളാലാണ് കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തില്‍ നിന്നും ഒട്ടുമിക്ക ഫ്ലൈറ്റുകളും റദ്ദാക്കാന്‍ കാരണമായത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം

You may also like

error: Content is protected !!
Join Our WhatsApp Group