ബെംഗളൂരു: സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി നഗരത്തിൽ അതീവസുരക്ഷ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചടങ്ങ് നടക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തിലും കൂടുതൽ പോലീസുകാരെ നിയോഗിച്ചു.മുഖ്യമന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളുമുൾപ്പെടെയെത്തുന്നതിനാൽ ദേശീയ സുരക്ഷാ ഏജൻസികളും സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. സുരക്ഷയൊരുക്കാൻ പോലീസിനെ കൂടാതെ സി.ആർ.പി.എഫ്. സംഘവുമുണ്ടാകും.
ശനിയാഴ്ച രാവിലെമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ക്വീൻസ് സർക്കിളിൽനിന്ന് സിദ്ധലിംഗയ്യ സർക്കിൾ വരെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പകരം വാഹനയാത്രികർക്ക് ലാവെല്ലെ റോഡിലൂടേയോ ക്വീൻസ് റോഡിലൂടേയോ പോകാം. ബെലഗുണ്ഡ്രി സർക്കിളിൽനിന്ന് ക്വീൻസ് സർക്കിളിലേക്ക് വരുന്ന വാഹനങ്ങൾ തിമ്മയ്യ സർക്കിൾ വഴി തിരിഞ്ഞുപോകണം. കബൺ റോഡിലും അനിൽ കുംബ്ലെ സർക്കിളിലും ഗതാഗതനിയന്ത്രണങ്ങളുണ്ടാകില്ല.
ഈ റോഡുകളിൽ ഗതാഗതനിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ നിയോഗിക്കും.സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ സെയ്ന്റ് ജോസഫ് കോളേജ് മൈതാനം, യുണൈറ്റഡ് മിഷൻ കേളേജ്, ബി.ബി.എം.പി. ഓഫീസ് പരിസരം, കെ.ജി. റോഡ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.ആർ.ആർ.എം.ആർ. റോഡ്, കസ്തൂർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിനീയമല്ല.
ചടങ്ങിനെത്തുന്നവർ വാഹനങ്ങൾ നിർത്തിയശേഷം ആർ.ആർ. എം.ആർ. റോഡിലൂടെയോ മല്യ ഹോസ്പിറ്റൽ റോഡിലൂടെയോ സ്റ്റേഡിയത്തിലെത്തണം. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, തീപ്പെട്ടി, ലൈറ്ററുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. മുഴുവൻ കവാടങ്ങളിലും സ്കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കും.
ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ ഗതാഗതക്കുരുക്കോ അനുഭവപ്പെട്ടാൻ ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 080-22943030, 080- 22943131 എന്നിവയാണ് കൺട്രോൾ റൂമുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ.
കെ.സി.ഇ.ടി. പരീക്ഷയെഴുതുന്നവർക്ക് സൗകര്യമൊരുക്കും:പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ ( കെ.സി.ഇ.ടി.) യും ശനിയാഴ്ചയാണ് നടക്കുന്നത്. എന്നാൽ പരീക്ഷയെഴുതാനെത്തുന്ന വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ബെംഗളൂരു ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലിം അറിയിച്ചു.
കണ്ഠീരവ സ്റ്റേഡിയത്തിന് സമീപമുള്ള കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾ രാവിലെ 8.30-ന് മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തണം.ഏതെങ്കിലും വിദ്യാർഥികൾ ഗതാഗതക്കുരുക്കിൽപെടുന്ന സാഹചര്യമുണ്ടായാൽ തൊട്ടടുത്ത ട്രാഫിക് പോലീസുകാരെ വിവരമറിയിക്കണം. ഇത്തരം വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കും.അതേസമയം പരീക്ഷ സുഗമമായി നടത്തുന്നത് ലക്ഷ്യമിട്ട് മുഴുവൻ പരീക്ഷാകേന്ദ്രങ്ങളുടെയും 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഒരുക്കങ്ങൾ വിലയിരുത്തി ശിവകുമാർ:ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നിയുക്ത ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിലയിരുത്തി. വെള്ളിയാഴ്ചരാവിലെ ഡൽഹിക്കു പോകുന്നതിനുമുമ്പാണ് സ്റ്റേഡിയത്തിലെത്തിയത്. കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ചരിത്ര സംഭവമായിരിക്കുമെന്ന് ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങളുടെ എല്ലാ ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു. സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ രാവിലെ 11-ന് മുമ്പായെത്തണം. ബി.ജെ.പി.യിലെയും ജെ.ഡി.എസിലെയും നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. സ്റ്റേഡിയത്തിനകത്തെ ഒരുക്കങ്ങൾ വ്യാഴാഴ്ച രാവിലെതന്നെ തുടങ്ങിയിരുന്നു.