Home Featured 7.40-ന് വിട്ടില്‍ നിന്നിറങ്ങി 9.18 ആയപ്പോള്‍ പിന്നിട്ടത് 6 കി.മീ; ബെംഗളൂരു ട്രാഫിക് വീണ്ടും വൈറല്‍

7.40-ന് വിട്ടില്‍ നിന്നിറങ്ങി 9.18 ആയപ്പോള്‍ പിന്നിട്ടത് 6 കി.മീ; ബെംഗളൂരു ട്രാഫിക് വീണ്ടും വൈറല്‍

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. ആറുകിലോമീറ്റർ സഞ്ചരിക്കാൻ ഒന്നരമണിക്കൂറിലധികം വേണ്ടിവന്നതിനെക്കുറിച്ചുള്ള യുവാവിന്റെ ട്വീറ്റായിരുന്നു ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിൽ സംസാരവിഷയം.

നഗരത്തിലെ ട്രാഫിക് നിയന്ത്രണത്തെ പലപ്പോഴും പിന്തുണച്ചിട്ടുള്ള ചന്ദ്രമൗലി ഗോപാലകൃഷ്ണനാണ് ഒന്നരമണിക്കൂറിലധികം ഗതാഗതക്കുരുക്കിൽപ്പെട്ട കാര്യം ട്വീറ്റ് ചെയ്തത്. രാവിലെ 7.40-ന് വീട്ടിൽ നിന്നിറങ്ങിയിട്ടും റോഡിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇതുവരെ ആറുകിലോമീറ്ററേ ആയുള്ളൂവെന്നുമായിരുന്നു 9.18-ന്റെ ട്വീറ്റ്. കോറമംഗലയിൽനിന്ന് സർജാപുര ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കുറിപ്പ് വൈറലായതോടെ നഗരത്തിൽ പല സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും ഇതുതന്നെയാണ് അവസ്ഥയെന്ന് മറുപടിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തി.

ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പലരും ആവശ്യപ്പെട്ടു. ഔട്ടർ റിങ് റോഡിൽ ലോറി ഇടിച്ച് മരം വീണതാണ് ചൊവ്വാഴ്ച രാവിലെ ഗതാഗതക്കുരുക്കുണ്ടാകാൻ കാരണം. ഇബ്ളൂരിലേക്കുള്ള സർവീസ് റോഡിൽ ലോറി തകരാറിലായി കിടന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. രാവിലെ ഓഫീസിൽ പോകാനിറങ്ങിയ ഐ.ടി. ജീവനക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. മൂന്നുമണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് വീട്ടിലേക്ക് തിരിച്ചുപോയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ബെംഗളൂരുവിൽ വർധിച്ചുവരുന്ന ജനസംഖ്യയും ആസൂത്രണമില്ലാതെയുള്ള നഗരവത്കരണവും പൊതുഗതാഗതം കാര്യക്ഷമമാകാത്തതുമെല്ലാം നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം അടുത്തിടെ പുറത്തുവിട്ട സർവ്വേ അനുസരിച്ചാണ് ലോകത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമാണ് ബെംഗളൂരു എന്ന വിലയിരുത്തിയിരിക്കുന്നത്. 2022-ൽ ലോകത്തെ പ്രമുഖനഗരങ്ങളിൽ വാഹനയാത്രയ്ക്കുവേണ്ടിവന്ന സമയം മാനദണ്ഡമാക്കിയാണ് ബെംഗളൂരുവിനെ രണ്ടാമതായി തിരഞ്ഞെടുത്തത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് പരിഗണിച്ചത്.

2022-ൽ ബെംഗളൂരുവിൽ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 29 മിനിറ്റും പത്തുസെക്കൻഡുമാണ് വേണ്ടതെന്ന് സർവേയിൽ പറഞ്ഞിരുന്നു. ലണ്ടനിൽ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റും 20 സെക്കൻഡും ആവശ്യമാണ്. ഇന്ത്യയിലെ മറ്റുനഗരങ്ങളിൽ പുണെ ആറാംസ്ഥാനത്തും ഡൽഹി 34-ാം സ്ഥാനത്തും മുംബൈ 47-ാം സ്ഥാനത്തുമാണ്. വെള്ളിയാഴ്ചയാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്. വെള്ളിയാഴ്ചകളിൽ വൈകീട്ട് ആറിനും ഏഴിനുമിടയിൽ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 37 മിനിറ്റും 20 സെക്കൻഡും വേണമെന്നായിരുന്നു റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group