Home Featured ബെംഗളൂരു : ബയ്യപ്പനഹള്ളി– കെആർപുരം മെട്രോ പാത ജൂലൈയിൽ തുറക്കും.

ബെംഗളൂരു : ബയ്യപ്പനഹള്ളി– കെആർപുരം മെട്രോ പാത ജൂലൈയിൽ തുറക്കും.

ബെംഗളൂരു ∙ ബയ്യപ്പനഹള്ളി– കെആർപുരം മെട്രോ പാത ജൂലൈ 15നുള്ളിൽ തുറക്കുമെന്ന് ബിഎംആർസി. 2.5 കിലോമീറ്റർ പാതയിൽ ബെന്നിഗനഹള്ളിയിലെ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഈ പാത കൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ് (കാടുഗോഡി) വരെ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാം. മാർച്ചിൽ ഉദ്ഘാടനം ചെയ്ത കെആർ പുരം– വൈറ്റ്ഫീൽഡ് പാതയുമായാണ് ബയ്യപ്പനഹള്ളി– കെആർപുരം പാത കൂടിച്ചേരുന്നത്.

ബെംഗളൂരു– ചെന്നൈ റെയിൽപാതയ്ക്ക് കുറുകെ മെട്രോ പാലത്തിന്റെ നിർമാണത്തിനുള്ള അനുമതി വൈകിയതിനാൽ ഈ ഭാഗത്തെ പ്രവൃത്തികൾ ഇടക്കാലത്ത് നിലച്ചിരുന്നു.ബയ്യപ്പനഹള്ളി– കർമലാരാം സ്റ്റേഷനുകൾക്കിടയിലാണ് റെയിൽപാതയ്ക്ക് മുകളിലൂടെ ഇരുമ്പ് ഗർഡറുകൾ കൊണ്ട് മെട്രോ പാലം നിർമിച്ചിട്ടുള്ളത്. 550 മെട്രിക് ടൺ ഇരുമ്പ് ഉപയോഗിച്ച് 63.22 മീറ്റർ നീളത്തിലാണ് പാലം സ്ഥാപിച്ചത്. ഈ പാലത്തിൽ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്.

പർപ്പിൾ ലൈൻ ഇനി 41.9 കിലോമീറ്റർ’ബയ്യപ്പനഹള്ളി– കെആർ പുരം പാത കൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിന്റെ നീളം 41.9 കിലോമീറ്ററാകും. നിലവിൽ കെങ്കേരി മുതൽ ബയ്യപ്പനഹള്ളി വരെ 25.7 കിലോമീറ്ററും വൈറ്റ്ഫീൽഡ്– കെആർ പുരം വരെ 13.7 കിലോമീറ്ററുമാണ്. 2.5 കിലോമീറ്റർ പാത കൂടി വരുന്നതോടെ ഒരു മണിക്കൂർ കൊണ്ട് കെങ്കേരിയിൽ നിന്ന് വൈറ്റ്ഫീൽഡിൽ എത്താനാകും. കെങ്കേരിയിൽ നിന്നു ചല്ലഘട്ട വരെയുള്ള 1.9 കിലോമീറ്റർ പാതയുടെ നിർമാണവും പുരോമഗിക്കുകയാണ്.

പരീക്ഷണയോട്ടം അടുത്ത മാസം:‘ബയ്യപ്പനഹള്ളി– കെആർ പുരം പാതയിൽ അടുത്ത മാസം മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം ആരംഭിക്കും. റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചാലുടൻ തന്നെ പൊതുജനങ്ങൾക്കായുള്ള സർവീസ് തുടങ്ങും. നിലവിൽ 5.5 ലക്ഷം– 6 ലക്ഷം യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നത്. ബയ്യപ്പനഹള്ളി– കെആർപുരം പാത കൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 8 ലക്ഷം വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.’

You may also like

error: Content is protected !!
Join Our WhatsApp Group